crime

മലപ്പുറം: ഭർത്താവിന് വിഷം നൽകി കൊലപ്പെടുത്തി രണ്ടാംദിവസം കാമുകനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ഒന്നരവർഷത്തിനു ശേഷം യുവതിയും കാമുകനും പിടിയിൽ. മൂച്ചിക്കൽ മരുതാത്ത് വീട്ടിൽ ഉമ്മുസാഹിറ (42), പത്തനംതിട്ട ഉന്നക്കാവ് സ്വദേശി പള്ളിനടയിൽ ജയ്‌മോൻ (37) എന്നിവരെയാണ് സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കാളികാവ് അഞ്ചച്ചവിടി മൈലാടിക്കൽ മരുതത്ത് മുഹമ്മദാലിയെ (51) 2018 സെപ്തംബർ 21നാണ് ഭാര്യയും കാമുകനും ചേർന്ന് മദ്യത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. സൈലന്റ് അറ്റാക്കാണെന്ന് കരുതി മൃതദേഹം കബറടക്കി. എന്നാൽ, അടുത്തദിവസം ഉമ്മുസാഹിറയെയും പ്രായപൂർത്തിയാവാത്ത രണ്ടു മക്കളെയും കാണാതായി. ഇതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മുഹമ്മദാലിയുടെ കുടുംബം പരാതി നൽകുകയായിരുന്നു.

ഉമ്മുസാഹിറയും മക്കളും സമീപത്തെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ജയ്‌മോന്റെ കൂടെ പോയതാണെന്ന് പൊലീസ് കണ്ടെത്തി. മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ആന്തരികാവയവത്തിൽ വിഷാംശവും കണ്ടെത്തി. സി ബ്രാഞ്ച് ഡിവൈ.എസ്.പി അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ പ്രതികൾ ശിവകാശിയിലാണെന്ന് മനസിലായി. പൊലീസ് അവിടെ എത്തിയപ്പോഴേക്കും ജയ്‌മോൻ മുങ്ങി. ഉമ്മുസാഹിറയെ കസ്റ്റഡിയിലെടുത്ത് നാട്ടിലെത്തിച്ചു. ഭർത്താവിന് ജയ്‌മോൻ വിഷം നൽകിയതാണെന്ന് അവർ മൊഴി നൽകി.

നാടു വിടുമ്പോൾ മറ്റൊരു സ്ത്രീയും

തിങ്കളാഴ്ച രാത്രി ദിണ്ഡിക്കലിൽ നിന്നാണ് ജയ്‌മോൻ പിടിയിലായത്. പരസ്ത്രീ ബന്ധം പതിവാക്കിയ ജയ്‌മോനെതിരെ കൂടുതൽ കേസുകൾ നിലവിലുള്ളതായാണ് വിവരമെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം പറഞ്ഞു. ശിവകാശിയിലേക്ക് നാടുവിടുമ്പോൾ കാളികാവിലെ ഭർതൃമതിയായ മറ്റൊരു സ്ത്രീയും കൂടെയുണ്ടായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷം ഈ സ്ത്രീ നാട്ടിലേക്ക് മടങ്ങി. പത്തനംതിട്ടയിൽ ഒരുകേസിൽ നിന്ന് മുങ്ങിയാണ് ജയ്‌മോൻ കാളികാവിലെത്തിയത്. ശിവകാശിയിൽ ബനിയൻ കമ്പനിയിലായിരുന്നു ജോലി. സാഹിറയുടെ കുട്ടികൾ അഭയകേന്ദ്രത്തിലാണ്.