മഞ്ചേരി:ഗതാഗതക്കുരുക്ക് അതിരൂക്ഷമായ മഞ്ചേരി- നിലമ്പൂർ പാതയിലെ നെല്ലിപ്പറമ്പിൽ റോഡ് നവീകരണ പ്രവൃത്തികൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. ഒരു വ്യക്തിയിൽ നിന്നുള്ള സ്ഥലം കൂടി വിട്ടു കിട്ടുന്നതോടെ നാടുകാണി- പരപ്പനങ്ങാടി പാതയിലെ മഞ്ചേരിയിലെ നിർമ്മാണ പ്രവൃത്തികൾ പൂർണ്ണരൂപത്തിലാവും.
പാതിവഴിയിൽ നിർമ്മാണം നിലച്ചിരുന്ന നെല്ലിപ്പറമ്പ്, മേലാക്കം ഭാഗങ്ങളിലാണ് ഇപ്പോൾ റോഡ് നവീകരണം പുരോഗമിക്കുന്നത്. യാത്രക്കാരുടെ പ്രയാസം പരമാവധി കുറയ്ക്കാൻ രാത്രിയാണ് പ്രവൃത്തി നടത്തുന്നത്. പാത നവീകരണം അനന്തമായി നീണ്ടുപോയതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് അതിരൂക്ഷമായിരുന്നു. തകർന്നു കിടക്കുന്ന പാതയിലൂടെയുള്ള യാത്ര രോഗികളുൾപ്പെടെയുള്ളവർക്ക് കടുത്ത പരീക്ഷണമായതോടെ ജനരോഷം ഉയർന്നിരുന്നു. പകൽ സമയം നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത് ഗതാഗത ക്കുരുക്കിനും പൊടിശല്യത്തിനും കാരണമാവുമെന്നതിനാലാണ് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി ജോലികൾ രാത്രിയിലേക്കു മാറ്റിയിരിക്കുന്നത്. ഇത് നാട്ടുകാർക്കും യാത്രക്കാർക്കും വ്യാപാരികൾക്കും വലിയൊരളവു വരെ അശ്വാസമായി.
ഇനി അധികം വൈകില്ല
സ്വകാര്യവ്യക്തികളിൽ നിന്ന് യഥാസമയം സ്ഥലം വിട്ടുകിട്ടാഞ്ഞതാണ് നാടുകാണി പരപ്പനങ്ങാടി റോഡിന്റെ മഞ്ചേരി ഭാഗത്തെ പ്രവൃത്തി സ്തംഭിക്കാൻ കാരണം.
എം. ഉമ്മർ എം.എൽ.എയും മറ്റു ജനപ്രതിനിധികളും ഇടപെട്ടതിനെ തുടർന്ന് സ്ഥലം വിട്ടുകിട്ടി. ഇനി ഒരു ഭൂവുടമയിൽ നിന്നു മാത്രമാണ് സ്ഥലം ലഭിക്കാനുള്ളത്. ഇതുകൂടി ലഭിക്കുന്ന മുറയ്ക്കേ നിർമ്മാണം പൂർത്തിയാക്കാനാവൂ.
പാത ഗതാഗതയോഗ്യമാക്കുന്നതിനാണ് ഇപ്പോൾ ഊന്നൽ..
പ്രവൃത്തി പൂർണ്ണമാവുന്നതോടെ മേലാക്കം- നെല്ലിപ്പറമ്പ് ഭാഗങ്ങളിൽ കാലങ്ങളായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.
ശാസ്ത്രീയമായി ഓട നിർമ്മാണവും പൂർത്തിയാവുന്നതോടെ വെള്ളക്കെട്ടു പ്രശ്നത്തിനും ശാശ്വത പരിഹാരമാവും.