മലപ്പുറം: പരാതികൾ വേഗത്തിൽ പരിഹരിക്കാൻ ജില്ലാതല അദാലത്തുമായി കെ.എസ്.ഇ.ബി അധികൃതർ. ഫെബ്രുവരി എട്ടിന് രാവിലെ 10 മുതൽ മലപ്പുറം ടൗൺഹാളിൽ നടക്കുന്ന അദാലത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം.എ. മണിയുടെ മുഴുവൻ സമയ സാന്നിദ്ധ്യമുണ്ടാവും. ജില്ലാ വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ അദാലത്തിന് നേതൃത്വമേകും. ജില്ലയിലെ പ്രധാന ഓഫീസർമാർക്ക് പുറമെ എ.ഡി.എം, ജില്ലാ ഫോറസ്റ്റ് ഓഫീസർ, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പക്ടെർ തുടങ്ങിയവർ പങ്കെടുക്കും. വൈദ്യുതി ഉപഭോക്താക്കൾ, പൊതുജനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങി ആർക്കും അദാലത്തിൽ പരാതി നൽകാം. സെക്ഷനുകളിൽ സീനിയർ സൂപ്രണ്ടുമാരും, സബ് ഡിവിഷനുകളിൽ സബ് എഞ്ചിനീയർമാരും ഡിവിഷനൽ തലത്തിൽ സീനിയർ സൂപ്രണ്ടും പരാതികൾ സ്വീകരിക്കും. സർക്കിൾ ഓഫീസുകളിൽ അസിസ്റ്റന്റ് അക്കൗണ്ട് ഓഫീസർക്കാണ് ചുമതല. അപേക്ഷാ ഫീസില്ല. ഇതിനകം ജില്ലയിൽ 530 പരാതികൾ ലഭിച്ചിട്ടുണ്ട്. അദാലത്തിന് മുമ്പ് പരിഹരിക്കാവുന്ന പരാതികൾ അത്തരത്തിലും പരിഹരിക്കും.
എല്ലാം വേഗത്തിൽ
ഡിവിഷനൽ അടിസ്ഥാനത്തിൽ വിവിധ കൗണ്ടറുകളൊരുക്കിയാവും അദാലത്ത്. അദാലത്തിൽ എടുക്കുന്ന തീരുമാനം ഒരാഴ്ച്ചക്കകം പരാതിക്കാരെ രേഖാമൂലം അറിയിക്കും. അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ പത്ത് ദിവസത്തിന് മുമ്പ് സമർപ്പിക്കണം. ടോക്കൺ അടിസ്ഥാനത്തിലാവും പരാതികൾ പരിഗണിക്കുക. അദാലത്ത് ദിവസവും പരാതികൾ സ്വീകരിക്കുമെങ്കിലും നേരത്തെ ലഭിച്ച പരാതികൾക്ക് ശേഷമാവും ഇവ പരിഗണിക്കുക.
ഇവയിൽ പരിഹാരമുണ്ടാക്കും
പ്രോപ്പർട്ടി ക്രോസിംഗ് തടസ്സങ്ങൾ, മരം മുറിക്കൽ നഷ്ടപരിഹാരം, വനം വകുപ്പിന്റെ അനുമതി.
സർവീസ് കണക്ഷൻ, ലൈൻ, പോസ്റ്റ് മാറ്റലും ഒഴിവാക്കൽ. വൈദ്യുതി ബിൽ, മീറ്റർ തകരാറുകൾ.
കുടിശ്ശിക നിവാരണം, റവന്യൂ റിക്കവറി നടപടികളും മറ്റ് വ്യവഹാരങ്ങളും.
വോൾട്ടേജ് ക്ഷാമം, സുരക്ഷയും നിയമാനുസൃത നടപടികളും.
മോഷണം ഒഴികെയുള്ള വൈദ്യുതി ദുരുപയോഗം, കേബിൾ ടി.വി തർക്കങ്ങൾ.
ഉത്പാദന- പ്രസാരണ- വിതരണ മേഖലകളിൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയും പരാതി രഹിത വൈദ്യുതി മേഖലയാണ് ലക്ഷ്യമിടുന്നത്.ടി.യു. ശോഭന, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ.എസ്.ഇ.ബി