പെരിന്തൽമണ്ണ: അറബിയിൽ നിന്നും സാമ്പത്തികസഹായം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് സ്ത്രീയുടെ 16 പവൻ ആഭരണങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. അരീക്കോട് ഊർങ്ങാട്ടിരി വടക്കുംമുറി സ്വദേശി നടുവത്ത് ചാലിൽ അസൈനാർ എന്ന അറബി അസൈനാറിനെയാണ് (61) പൊലീസ് അറസ്റ്റ് ചെയ്തത്.
കീഴാറ്റൂർ സ്വദേശിനിയായ 48 കാരിയെയും കാഴ്ചാവൈകല്യമുള്ള മകളെയുമാണ് പ്രതി കബളിപ്പിച്ചത്. 17ന് വൈകിട്ട് പെരിന്തൽമണ്ണ ഊട്ടിറോഡിൽ ഇവർ ബസ് കാത്തുനിൽക്കുമ്പോൾ അടുത്തെത്തിയ അസൈനാർ ഗൾഫിൽ നിന്ന് ചികിത്സയ്ക്കായി അറബി പെരിന്തൽമണ്ണയിലെത്തിയിട്ടുണ്ടെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കാൻ താത്പര്യമുള്ള ഇയാളിൽ നിന്നും മകളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം വാങ്ങിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് അറബി താമസിക്കുന്ന ആശുപത്രിക്കടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി.സ്വർണാഭരണങ്ങൾ കണ്ടാൽ പണക്കാരാണെന്ന് തോന്നുമെന്ന് പറഞ്ഞ് ഇരുവരുടെയും ആഭരണങ്ങൾ ഊരിവാങ്ങി. അറബിയെ കാണിക്കാനാണെന്ന് പറഞ്ഞ് ഫോട്ടോകളെടുത്തു. പിന്നീട് ഫോണിൽ വിളിക്കുന്നതായി ഭാവിച്ച് അറബി മറ്റൊരു സ്ഥലത്തേക്ക് ചെല്ലാൻ ആവശ്യപ്പെട്ടെന്ന് അറിയിച്ചു. ഓട്ടോയിൽ മൂന്നുപേരും കൂടി പട്ടിക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെ അസൈനാർ മുങ്ങുകയായിരുന്നു ഇയാൾ മടങ്ങിയെത്താഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആഭരണങ്ങൾ മഞ്ചേരി, മേലാറ്റൂർ ഭാഗങ്ങളിലെ ജുവലറികളിൽ വിൽപ്പന നടത്തിയതായി പ്രതി സമ്മതിച്ചു.
സ്ഥിരം തട്ടിപ്പുകാരൻ
കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒട്ടുമിക്ക ജില്ലകളിലും വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതിന് അമ്പതിലധികം കേസുകൾ പ്രതിക്കെതിരെയുണ്ട്.
ജയിൽ ശിക്ഷ കഴിഞ്ഞ് ഒരു വർഷം മുമ്പാണ് പുറത്തിറങ്ങിയത്.
ചോദ്യം ചെയ്തതിൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു
കൂടുതൽ പരാതികൾ വരുന്ന പക്ഷം ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്തും
സി.ഐ ഐ.ഗിരീഷ്‌കുമാർ,