പൊന്നാനി: വെളിയങ്കോട് ജി.എച്ച്.എസ്.എസിന്റെ പ്രവേശന കവാടത്തിന്റെ ശിലാസ്ഥാപനവും ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനവും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. ആകാംക്ഷയിലധിഷ്ഠിതമായ വിദ്യാഭ്യാസ രീതികളിലൂടെ കുട്ടികളുടെ ഇഷ്ടപ്പെട്ട ഇടങ്ങളാക്കി സ്‌കൂളുകളെ മാറ്റണമെന്നും വിവിധ വികസന പദ്ധതികളിലൂടെ വെളിയങ്കോട് ഗവ.എച്ച്.എസ്.എസിനെ മികവിന്റെ കേന്ദ്രമാക്കുമെന്നും ചടങ്ങിൽ സ്പീക്കർ പറഞ്ഞു .
ചടങ്ങിൽ ഏറ്റവും മികച്ച സ്പീക്കർക്കുള്ള ഭാരതീയ ഛാത്ര സൻസദിന്റെ പുരസ്‌കാരം നേടിയ സ്പീക്കറെ പ്രിൻസിപ്പൽ പി.സതീശനും ഹെഡ്മിസ്ട്രസ് ഇ. പ്രസന്നയും ആദരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചാണ് പ്രവേശന കവാടവും ക്ലാസ്സ് മുറികളും നിർമ്മിക്കുന്നത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുഹറ ബാബു തുടങ്ങിയവർ പങ്കെടുത്തു.