gold

കൊണ്ടോട്ടി: ഗൾഫ് യാത്രക്കാരൻ കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്തിയ 25 ലക്ഷത്തിന്റെ സ്വർണം ഏറ്റുവാങ്ങി മടങ്ങിയ രണ്ടു പേരെ കാർ തടഞ്ഞ് ആറംഗ സംഘം കൊളളയടിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെയുണ്ടായ സംഭവം ആക്രമണത്തിനിരയായ പെരിന്തൽമണ്ണ വലമ്പൂർ സ്വദേശികൾ പൊലീസിൽ പരാതി നൽകിയതോടെയാണ് പുറംലോകം അറിഞ്ഞത്. പാലക്കാട്-കോഴിക്കോട് ദേശീയപാത- 213ൽ കൊണ്ടോട്ടി കോളനി റോഡിന് സമീപമാണ് സംഭവം. ഒമാനിൽ നിന്നു കരിപ്പൂരിൽ വന്നിറങ്ങിയ കോഴിക്കോട് അത്തോളി സ്വദേശിയാണ് 900 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ കസ്റ്റംസിന്റെ കണ്ണു വെട്ടിച്ച് പുറത്തുകടത്തിയത്. കാറുമായി എത്തിയ പെരിന്തൽമണ്ണ സ്വദേശികൾക്ക് കൊണ്ടോട്ടി ബസ് സ്റ്റാൻഡിനു സമീപം വച്ച് കാരിയർ സ്വർണം കൈമാറി. ഇവർ പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുന്നതിനിടെയാണ് ഇന്നോവ കാറിലെത്തിയ മുഖംമുടി ധരിച്ച ആറംഗ സംഘം കാർ തടഞ്ഞു നിറുത്തി ആക്രമിച്ച് സ്വർണം കവർന്നത്. ഇവരുടെ കാറുമായി കടന്നു കളഞ്ഞ സംഘം പിന്നീട് രണ്ടു കിലോമീറ്റർ അകലെ മുസ്ലിയാരങ്ങാടിക്ക് സമീപം കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.