തിരൂരങ്ങാടി : പാലത്തിങ്ങൽ റഗുലേറ്റർ കം ബ്രിഡ്ജിലും ന്യൂ കട്ട് റഗുലേറ്ററിലും പ്രളയത്തിൽ അടിഞ്ഞു കൂടിയ മരത്തടികളും മാലിന്യങ്ങളും നീക്കം ചെയ്യാൻ ജില്ലാ കലകളക്ടർ ജാഫർ മാലിക്ക് ഫണ്ട് അനുവദിച്ച് ഉത്തരവിറക്കി.കഴിഞ്ഞ പ്രളയത്തിൽ നിരവധി മരത്തടികളും മാലിന്യങ്ങളും അടിഞ്ഞു കൂടി പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടി,പരപ്പങ്ങാടി നഗരസഭാ പരിധിയിലെയും നന്നമ്പ്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും പുഴ കരകവിഞ് നൂറോളം വീടുകളാണ് വെള്ളക്കെട്ടിലായത്.ഇതുമൂലം പ്രദേശത്തുകാർ മാറിത്താമസിക്കേണ്ടി വരികയും ചെയ്തിരുന്നു.
മാലിന്യങ്ങളും മരത്തടികളും അടിയന്തരമായി നീക്കിയില്ലെങ്കിൽ ഇരുപാലങ്ങളുടെയും സ്ട്രക്ച്ചറുകൾക്ക് ബലക്ഷയം സംഭവിച്ചേക്കാമെന്നും പുഴയുടെ സുഗമമായ ഒഴുക്കിന് തടസ്സം നേരിടുമെന്നും അപ്രതീക്ഷിത പേമാരിയിലും ഉരുൾപൊട്ടലിലും പുഴ കരകവിഞ്ഞൊഴുകി പൊതുജങ്ങൾക്ക് വൻ നാശനഷ്ടങ്ങൾ ഉണ്ടാകാൻ ഇടയാക്കുമെന്നും ആശങ്കയുയർന്നിരുന്നു.