മലപ്പുറം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ച് പൊരുതിയ മനുഷ്യരെ ഭിന്നിപ്പിക്കാമെന്ന് ആരും കരുതേണ്ടന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യുസഫ് തരിഗാമി പറഞ്ഞു. കാശ്മീരിൽ ചെയ്തതുപോലെ രാജ്യത്തെയാകെ വെട്ടിമുറിക്കാനും ജനങ്ങളെ വിഭജിക്കാനുമുള്ള കേന്ദ്രത്തിന്റെ നിഗൂഡനീക്കങ്ങളെ ജനം നേരിടുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് എൽ.ഡി.എഫിന്റെ മനുഷ്യ മഹാസംഗമം യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാക്കാൻ ഒരിഞ്ചുപോലും നാം പിന്നോട്ട് പോകില്ല. ജെഎൻയു, ജാമിയ, അലിഗഡ് അടക്കം രാജ്യത്തെ ക്യംപസുകളിലും വിദ്യാർഥികൾ നടത്തുന്ന പ്രതിരോധം ആവേശകരമാണ്. സിഎഎക്കെതിരെ കേരള നിയമസഭയുടെ പ്രമേയവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പോരാട്ടങ്ങളും രാജ്യത്തിന് മാതൃകയാണ്. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ തകർക്കുന്നതിനെതിരെ എന്റെ രാജ്യം ഉണർന്നിരിക്കുന്നുവെന്ന് തിരിച്ചറിയുന്നു. ഏതു ഭരണാധികാരി വന്നാലും ജനങ്ങളാണ് പരമാധികാരികൾ. പ്രക്ഷോഭകാരികളെ വേഷത്താൽ തിരിച്ചറിയാമെന്ന് പറഞ്ഞ മോഡിക്ക് തെറ്റി. എല്ലാ വിഭാഗത്തിലുംപെട്ട മനുഷ്യരും ഒന്നായി നിന്ന് രാജ്യത്ത് ഭരണഘടനയുടെ നില നിൽപ്പിനായി പൊരുതുകയാണെന്നും തരിഗാമി പറഞ്ഞു.