മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ദേശീയതലത്തിൽ തന്നെ കത്തിനിൽക്കേ, രണ്ട് അഭയാർത്ഥി സമൂഹങ്ങളുടെ അതിജീവനത്തിന്റെ കഥയുമായി എത്തുകയാണ് സംവിധായകൻ സമദ് മങ്കട. കൊക്കൂൺ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഇ.കെ. ഷാജി നിർമ്മിച്ച 'കാറ്റ്, കടൽ, അതിരുകൾ' എന്ന സിനിമ നാളെ തിയേറ്ററുകളിലെത്തും.
സ്വന്തം നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന തിബറ്റൻ, രോഹിംഗ്യൻ അഭയാർത്ഥി സമൂഹത്തിന്റെ ജീവിതപശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്. വിശ്വമാനവികതയുടെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ച ചെയ്യുന്ന വിഷയങ്ങളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധയെത്തിക്കാനാണ് തന്റെ ശ്രമമെന്ന് സംവിധായകൻ സമദ് മങ്കട പറഞ്ഞു.
മ്യാൻമറിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിലെത്തിയ രോഹിംഗ്യൻ അഭയാർത്ഥി തന്റെ ചിതറിപ്പോയ കുടുംബത്തെക്കുറിച്ച് അന്വേഷിക്കുന്നിടത്ത് നിന്നാണ് ചിത്രമാരംഭിക്കുന്നത്. ആബിദ ഹസൻ എന്ന മാദ്ധ്യമപ്രവർത്തകയും സുഹൃത്തായ ജിയോ ക്രിസ്റ്റിയും ചേർന്ന് രണ്ട് വ്യത്യസ്തമായ വഴികളിലൂടെ നടത്തുന്ന അന്വേഷണത്തിലൂടെ കഥ പുരോഗമിക്കുന്നു. പൗരത്വം, ആൾക്കൂട്ട കൊലപാതകം തുടങ്ങിയ സാമൂഹിക വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്നതിനപ്പുറത്ത് വംശം, ഭാഷ, ദേശം, മതം തുടങ്ങിയ അതിരുകൾക്കപ്പുറത്താണ് മനുഷ്യത്വവും പ്രണയവുമെന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ലക്ഷ്യമെന്ന് സമദ് മങ്കട പറയുന്നു. എന്നും അശരണർക്കും നിരാലംബർക്കും ആശ്രയമായ ഇന്ത്യയുടെ പൈതൃകത്തിലും മൂല്യങ്ങളിലും ഊന്നിനിന്നാണ് കഥപറയുന്നത്.
ധർമ്മശാലയിലെ തിബറ്റൻ അഭയാർത്ഥിക്യാമ്പിലും ഡൽഹിയിലെയും ഹൈദരാബാദിലെയും രോഹിംഗ്യൻ ക്യാമ്പുകളിലും ചിത്രം ഷൂട്ട് ചെയ്തിട്ടുണ്ട്. ഡെൽഹി, ഹിമാചൽ പ്രദേശ്, കേരളം, കർണ്ണാടക തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഷൂട്ട് ചെയ്ത ചിത്രം പ്രമേയം ആവശ്യപ്പെടുന്ന റിച്ച്നസ് ചോർന്നുപോകാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്
മധുചന്ദ്രലേഖ, ആനച്ചന്തം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സമദ് മങ്കട കിച്ചാമണി എം.ബി.എ എന്ന സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. പൊതുപ്രവർത്തന രംഗത്തും അക്കാദമിക് രംഗത്തും സജീവമായ ഇദ്ദേഹം ഒരിടവേളയ്ക്കു ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് വീണ്ടും സംവിധായക രംഗത്തേക്ക് കടക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു.
പശുവിനെപ്പറ്റി മിണ്ടരുത്
സെൻസറിംഗിൽ നേരിട്ട വെല്ലുവിളികൾക്കൊടുവിലാണ് ചിത്രം തിയേറ്ററിലേക്കെത്തുന്നത്. അഭയാർത്ഥി സമൂഹങ്ങളുടെ കഥയായതിനാൽ വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിച്ചേക്കുമെന്ന കാരണം പറഞ്ഞ് റീജണൽ സെൻസർ ബോർഡ് ആദ്യം സിനിമയ്ക്ക് അനുമതി നിഷേധിച്ചു. പിന്നീട് റിവൈസിംഗ് കമ്മിറ്റിയാണ് അനുമതി നൽകിയത്. പൗരത്വ ബിൽ, പശു എന്നീ വാക്കുകൾ മ്യൂട്ട് ചെയ്യണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണ് അനുമതി. ചിത്രത്തിന്റ ആസ്വാദനത്തെ ഇത് ഒരു വിധത്തിലും ബാധിക്കില്ലെന്നും പ്രേക്ഷകർ ഇക്കാര്യം മനസ്സിലാക്കുമെന്നുമുള്ള ആത്മവിശാസത്തിലാണ് സംവിധായകൻ.