വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ചോടിയ അയൽവാസിയായ യുവാവിനെ നാട്ടുകാർ പിടികൂടി വടക്കഞ്ചേരി പൊലീസിന് കൈമാറി. അഞ്ചുമൂർത്തിമംഗലം ചെന്നയ്ക്കപ്പാടം കൃഷ്ണന്റെ ഭാര്യ വിജയലക്ഷ്മിയുടെ (67) മാലയാണ് പൊട്ടിച്ചത്. സംഭവത്തിൽ അയൽവാസിയായ ചോഴിയങ്കാട് അൽ അമീനാണ് (40) അറസ്റ്റിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
വിജയലക്ഷ്മി തൊഴുത്ത് വൃത്തിയാക്കുന്നതിനിടെ മുഖം മറച്ചെത്തിയ അൽ അമീൻ മാല പൊട്ടിച്ച് ഓടുകയായിരുന്നു. വിജയലക്ഷ്മിയും ബഹളം വെച്ച് പിന്നാലെയോടി. ബഹളം കേട്ടെത്തിയ നാട്ടുകാർ പിന്നാലെയോടി അൽ അമീനെ പികൂടുകയായിരുന്നു. രണ്ടര പവന്റെയായിരുന്നു മാല. പൊട്ടിക്കുന്നതിനിടെ മാലയിലുണ്ടായിരുന്ന ലോക്കറ്റ് നഷ്ടപ്പെട്ടെങ്കിലും മാല തിരികെ ലഭിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് വടക്കഞ്ചേരി പൊലീസെത്തി അൽ അമീനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച അൽ അമീനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.