photo
പുലയമ്പാറയിൽ പൂട്ടിയ കംഫർട്ട് സ്റ്റേഷൻ.

നെല്ലിയാമ്പതി: പ്രാഥമിക ആവശ്യങ്ങൾക്കായുള്ള പുലയമ്പാറയിലെ കംഫർട്ട്‌ സ്റ്റേഷൻ പണിമുടക്കിയതോടെ നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദ സഞ്ചാരികൾ നെട്ടോട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് അവധി ആഘോഷിക്കാൻ എത്തിയ സഞ്ചാരികളിൽ കൂടുതലും സ്ത്രീകളാണ് ഇതോടെ വെട്ടിലായത്. പഞ്ചായത്തിൽ പല സ്ഥലത്തും 'ശൗചാലയം' എന്ന് ബോർഡ് എഴുതിയ കെട്ടിടങ്ങൾ ഉണ്ടെങ്കിലും ഒന്നുപോലും പ്രവർത്തന ക്ഷമമല്ല. കരാർ നൽകുന്ന പഞ്ചായത്തിന് പേരിനു പോലും ഒന്ന് പ്രവർത്തന സജ്ജമാക്കാനായില്ല.

സ്ത്രീകളുമായി എത്തുന്നവർ പലപ്പോഴും ചായക്കടക്കാരുടെയും വീട്ടുകാരുടെയും കനിവ് തേടുന്ന സ്ഥിതിയാണ്. സഞ്ചാരികളുടെ ഈ സഹായം ചോദിക്കൽ പുലയമ്പാറ നിവാസികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. പുലയമ്പാറയിലുള്ള പഞ്ചായത്ത് ശുചിമുറി കെട്ടിടത്തിലെ ചോർച്ചയും പൊട്ടിപ്പൊളിഞ്ഞ ശുചിമുറികളിൽ വെള്ളം കെട്ടിനിൽക്കുന്നതുമാണ് അടച്ചിടാൻ കാരണം. എന്നാൽ നൂറടിയിൽ പത്തു വർഷം മുമ്പ് സ്ഥാപിച്ച ശൗചാലയം ഇതുവരെ ഉദ്ഘാടനവും ചെയ്തിട്ടില്ല. ജലവിതരണ സൗകര്യമില്ലാത്തതാണ് കാരണമെന്നാണ് അധികൃതർ പറയുന്ന മറുപടി.