hospital
അമ്പലപ്പാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ അടഞ്ഞുകിടക്കുന്ന കുട്ടികളുടെ വാർഡ്.

ഒറ്റപ്പാലം: അമ്പലപ്പാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കെട്ടിടം, എക്‌സറേ, ലാബ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടെങ്കിലും കിടത്തി ചികിത്സയില്ല. ആവശ്യത്തിന് ഡോക്ടർമാരും അനുബന്ധ ജീവനക്കാരും ഇല്ലാത്തതിനാൽ ഒന്നര വർഷമായി ആശുപത്രിയിൽ കിടത്തി ചികിത്സ നിലച്ചിട്ട്. വർഷങ്ങൾക്ക് മുമ്പ് പുനരാരംഭിച്ച കിടത്തി ചികിത്സയാണ് വീണ്ടും മുടങ്ങിയത്. ദിനംപ്രതി ഇരുന്നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിൽ നിലവിൽ 25 പേരെ കിടത്തി ചികിത്സിക്കുന്നതിന് സൗകര്യമുണ്ട്. അടഞ്ഞുകിടക്കുന്ന കിടത്തി ചികിത്സ കേന്ദ്രം ഇപ്പോൾ അത്യാവശ്യ ഘട്ടങ്ങളിൽ ഗ്ലൂക്കോസ് കയറ്റുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ മാത്രമാണ് ഉപയോഗിക്കുന്നത്.

മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം ആയിരുന്നപ്പോൾ ഉണ്ടായിരുന്ന മൂന്ന് ഡോക്ടർമാർ മാത്രമാണ് ആശുപത്രിയിൽ ഇപ്പോഴുമുള്ളത്. കൂടാതെ നഴ്‌സുമാരുടെ എണ്ണത്തിലും കുറവുണ്ട്. നഴ്‌സുമാരും മറ്റു ജീവനക്കാരും സ്ഥലം മാറിപ്പോയതോടെയാണ് ജീവനക്കാരുടെ കുറവ് വന്നത്. ഇതോടെയാണ് സജീവമായി നടന്നിരുന്ന കിടത്തി ചികിത്സ നിർത്തിയത്. ശേഷം ആശുപത്രി അധികൃതരുടെ നേതൃത്വത്തിൽ പല ഇടപെടലുകളും നടത്തിയെങ്കിലും ഇതുവരെ ചികിത്സ തുടങ്ങാനായിട്ടില്ല. പീഡിയാട്രീഷ്യൻ ഇല്ലാത്തതിനാൽ വർഷങ്ങളായി കുട്ടികളുടെ വാർഡും അടഞ്ഞുകിടക്കുകയാണ്.

സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കാൻ ഏഴ് ഡോക്ടർമാരുടെ സേവനമാണ് വേണ്ടത്. നിലവിൽ മൂന്ന് പേരാണുള്ളത്. കൂടാതെ പീഡിയാട്രീഷ്യൻ, ഗൈനക്കോളജിസ്റ്റ്, ഫിസീഷ്യൻ, സർജ്ജൻ എന്നീ വിഭാഗങ്ങളിലുള്ള ഡോക്ടർമാരുടെ ഒഴിവുകളാണ് ഉള്ളത്. നാല് നഴ്‌സുമാരും മറ്റ് ജീവനക്കാരെയും നിയമിക്കണം. ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവരാമന്റെ നേതൃത്വത്തിൽ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ആരോഗ്യമന്ത്രിയെ സമീപിച്ചിരിക്കുകയാണ്.