palam
തകർന്ന കിടക്കുന്ന മുതലമൂർഖൻക്കടവ് തൂക്കുപാലം.

ശ്രീകൃഷ്ണപുരം: വെള്ളിനേഴി പഞ്ചായത്തിനെയും കരിമ്പുഴ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരിമ്പുഴ പുഴയ്ക്ക് കുറുകെയുള്ള മുതലമൂർഖൻ കടവ് തൂക്കുപാലത്തിന്റെ

തകർച്ച പരിഹരിക്കാത്ത നടപടയിൽ പ്രതിഷേധം ശക്തമാകുന്നു. 2018 ആഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ തകർന്ന പാലത്തിൽ അറ്റകുറ്റ പണികൾ നടത്താനോ ഗതാഗത യോഗ്യമാക്കനോ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.

ഒറ്റപ്പാലം, ഷൊർണ്ണൂർ എം.എൽ.എമാർക്ക് പാലം പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിവേദനം നൽകിയിരുന്നു. ഷൊർണ്ണൂർ എം.എൽ.എ പാലത്തിന്റെ അറ്റകുറ്റപ്പണികൾക്കായി പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.

പാലത്തിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന കരിമ്പുഴ പഞ്ചായത്തിലെ പനാംകുന്ന്, ചാഴിയോട് പ്രദേശവാസികൾക്കും, വെള്ളിനേഴി പഞ്ചായത്തിലെ കുറ്റാനശ്ശേരികാർക്കും പ്രാഥമിക ആരോഗ്യകേന്ദ്രം, മൃഗാശുപത്രി, എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലേക്ക് എത്താനുള്ള ഏക ആശ്രയമാണിത്. പാലം തകർന്നതോടെ ജനങ്ങൾ ഏറെ ദുരിതത്തിലായി. 12 കിലോമീറ്റർ ചുറ്റിയാണ് ഈ കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ കഴിയുന്നത്.

പാലം അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുമെന്ന് വെള്ളിനേഴി പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും പുഴക്ക് കുറുകെ തൂങ്ങി നിൽക്കുന്ന പാലത്തിന്റെ പുനർ നിർമ്മാണത്തിനായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തൂക്കുപാലം കാണാനും അതിലൂടെ യാത്ര ചെയ്യാനുമായി വാഹനങ്ങളിലും മറ്റും എത്തുന്നവർക്ക് പാലത്തിന്റെ ദുരവസ്ഥ കണ്ട് മടങ്ങേണ്ട അവസ്ഥയാണ്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പാലം ഉടൻ പുനർനിർമ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഇതിന് തയ്യാറായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.