അഗളി: ആത്മധൈര്യം നിറഞ്ഞ പെൺകരുത്തായിരുന്നു ഇന്നലെ അകാലത്തിൽ പൊലിഞ്ഞ ശർമ്മിള ജയറാം (32) എന്ന റേഞ്ച് ഫോറസ്റ്റ് ഓഫീസർ. മാവോയിസ്റ്റ്, കഞ്ചാവ് മാഫിയാ ഭീഷണി ദൃഢനിശ്ചയത്തോടെ അവർ മറികടന്നു. അട്ടപ്പാടിയിലെ ഉൾക്കാടുകളിൽ വന സംരക്ഷണത്തിനും ആദിവാസി ക്ഷേമത്തിനും നേതൃത്വം നൽകിയിരുന്ന ശർമ്മിളയുടെ മരണം നാടിനും തീരാ ദുഃഖമായി. പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള കള്ളിക്കാട് സ്വദേശിയാണ്.
ഡിസംബർ 24ന് വൈകിട്ട് മുക്കാലി സ്റ്റേഷനിൽ നിന്ന് പൊട്ടിക്കല്ലിലെ ക്യാമ്പ് ഷെഡിലേക്ക് പോകുമ്പോഴാണ് ശർമ്മിളയും ഡ്രൈവർ ഉബൈദും (27) സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടത്. ചെമ്മണ്ണൂർ പാലത്തിന്റെ കൈവരി തകർത്ത ജീപ്പ് ഭവാനി പുഴയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ ജീപ്പ് കരയ്‌ക്കെടുത്ത് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന് അഗളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിഗദ്ധ ചികിത്സയ്‌ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉബൈദ് 27ന് മരിച്ചു. അബോധാവസ്ഥയിലായിരുന്ന ശർമ്മിള ഇന്നലെ രാവിലെയാണ് മരിച്ചത്.
എക്‌സൈസ് സെൻട്രൽ ഇൻസ്‌പെക്ടർ വിനോദ് പാണ്ഡ്യരാജാണ് ഭർത്താവ്. മകൻ: റയനേഷ്. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ പൊതുദർശനത്തിന് വച്ചു. വൈകിട്ട് കള്ളിക്കാട്ടെ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 10ന് ടൗൺ ഹാളിലും പൊതുദർശനത്തിന് വയ്‌ക്കും. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് പാമ്പാടി ഐവർമഠത്തിൽ.
ഞെട്ടിച്ച കഞ്ചാവ് വേട്ട
റേഞ്ച് ഓഫീസറായ ചുരുങ്ങിയ കാലത്തിനിടെ വനം വകുപ്പിന് അഭിമാനമായ പ്രവർത്തനമാണ് ശർമ്മിള അട്ടപ്പാടിയിൽ നടത്തിയത്. 2019 മാർച്ച് 19നാണ് ചുമതലയേറ്റ ശർമിള ദുർഘടമായ മല്ലിശ്വരൻമുടി, ചെന്താമല തുടങ്ങിയ ഉൾക്കാടുകളിലെ മലമുകളിലെത്തി കഞ്ചാവ് തോട്ടങ്ങൾ നശിപ്പിച്ചിരുന്നു.
ആദിവാസി മേഖലയിലെ വിദ്യാഭ്യാസത്തിന് സുമനസുകളുടെ സഹായത്തോടെ ശർമ്മിളയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ആരണ്യകം പദ്ധതി ശ്രദ്ധ നേടിയിരുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ശർമ്മിള എത്തിച്ചിരുന്നു.