puka
ഷൊർണൂരിൽ റെയിൽവേയുടെ മാലിന്യം കത്തിച്ചുണ്ടാകുന്ന വിഷപ്പുക.

ഷൊർണൂർ: റെയിൽവേയുടെ മാലിന്യം കത്തിച്ചുണ്ടാകുന്ന വിഷപ്പുക ശ്വസിച്ച് മാരക രോഗങ്ങളെ വരവേൽക്കുകയാണ് ഷൊർണൂർ തെക്കേറോഡ് നിവാസികളും യാത്രക്കാരും. കൊച്ചി പാലത്തിലേക്കെത്തും മുമ്പ് റെയിൽവേ മേല്പാലം കടക്കുന്ന ഓരോ യാത്രക്കാരനും മൂക്കുപൊത്തി വേണം യാത്ര ചെയ്യാൻ.

പാലത്തിന് താഴെ റെയിൽവേ യാർഡിൽ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള ടൺ കണക്കിന് മാലിന്യം കത്തിച്ച് തള്ളുകയാണ്. റോഡിന് സമാന്തരമായി ഉയരമുള്ള പുകക്കുഴലുള്ള സംസ്കരണ പ്ലാന്റ് കറുത്ത വിഷപ്പുക പുറന്തള്ളുന്നത് റോഡിലേക്കാണ് വീശുന്നത്.

ആയിരക്കണക്കിന് യാത്രക്കാർ ഈ പുക ശ്വസിച്ചാണ് ദിവസവും യാത്ര ചെയ്യുന്നത്. മാത്രമല്ല പരിസരത്തെ സ്ഥിരതാമസക്കാരായ തെക്കേറോഡ് നിവാസികൾക്കും റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്ന യാത്രക്കാർക്കും വരെ ഈ വിഷപ്പുക ശ്വസിക്കേണ്ട അവസ്ഥയാണ്. പ്ലാന്റിന്റെ പുകക്കുഴൽ ഉയർത്തണമെന്ന നാട്ടുകാരുടെ ആവശ്യം റെയിൽവേ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭാ ആരോഗ്യവിഭാഗവും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.

അധികൃതർ വിഷയത്തിൽ ഇടപെടുന്നില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി ഷൊർണൂർ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.