ചിറ്റൂർ: വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങിയ ബാഗ് കവർന്ന സംഭവത്തിൽ അറസ്റ്റിലായ ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും പുതുനഗരം സ്വദേശിയുമായ മുഹമ്മദ് ബൂസരി, അമ്പാട്ടുപാളയം തറക്കളം സ്വദേശി പ്രതീഷ് (33) എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ചിറ്രൂരിൽ വച്ച് മേട്ടുപ്പാളയം സ്വദേശി ജയന്റെ ഭാര്യ സിന്ധുവിന്റെ സ്‌കൂട്ടറിൽ നിന്ന് 10,​000 രൂപയും ഒരു പവന്റെ സ്വർണാഭരണവും കവർന്ന സംഭവത്തിലാണ് ഇവർ പിടിയിലായത്. ബൂസരിയെ ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രം ഇന്നലെ സസ്പെന്റ് ചെയ്തിരുന്നു. നേരത്തെ ഇയാൾ സാമ്പത്തിക തട്ടിപ്പ് കേസിലും സസ്പെൻഷനിലായിട്ടുണ്ട്.

പ്രതികൾ വിറ്റ സ്വർണാഭരണം ചിറ്റൂരിലെ ഒരു ജുവലറിയിൽ നിന്ന് കണ്ടെത്തി. റിമാൻഡിൽ കഴിയവേ നെഞ്ചുവേദന അനുഭവപ്പെടുന്നതായി അറിയിച്ച ബൂസരിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ഒളിവിൽപ്പോയ ഇടുക്കി പീരുമേട് ഏലപ്പാറ എസ്റ്റേറ്റ് കോടിക്കാനം സ്വദേശി വിനുവിനായുള്ള (35) തിരച്ചിൽ പൊലീസ് ഊർജ്ജതമാക്കി. നിരവധി കളവുകേസിലെ പ്രതിയാണ് വിനുവെന്ന് പൊലീസ് പറഞ്ഞു.