1

പാലക്കാട്: പെട്രോളിയം വില വർദ്ധനവിനെ തുടർന്ന് ലോറി വാടക വർദ്ധിപ്പിക്കാതെ ചരക്ക് വാഹന മേഖലയ്ക്ക് നിലനിൽക്കാനാവില്ലെന്ന് ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷൻ. കഴിഞ്ഞ 15 ദിവസത്തിനിടെ മൂന്നുരൂപയാണ് ഡീസലിന് വർദ്ധിച്ചത്. ലോറി വാടക വർദ്ധിപ്പിച്ചില്ലെങ്കിൽ ജി-ഫോം കൊടുത്ത് സർവീസ് നിറുത്തിവയ്ക്കുകയോ കൂടുതൽ ബാദ്ധ്യത വരാതിരിക്കാൻ കിട്ടാവുന്ന വിലയ്ക്ക് വാഹനം വിൽക്കുകയോ മാത്രമാണ് വഴി. പക്ഷേ, ലക്ഷക്കണക്കിന് രൂപ വായ്പയുള്ള ഭൂരിപക്ഷം ഉടമകൾക്കും അതിനും കഴിയാത്ത സ്ഥിതിയാണെന്ന് ലോറി ഓണേഴ്‌സ് വെൽഫെയർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.നന്ദകുമാർ പറഞ്ഞു.

ലോറി വാടക വർദ്ധിപ്പിക്കുന്നതിന് വേണ്ടി വ്യവസായ സ്ഥാപനങ്ങൾ, ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടർമാർ, വ്യാപാരികൾ, ലോറി ബുക്കിംഗ് ഏജന്റുമാർ എന്നിവരുടെ സംഘടനകളുമായി ചർച്ച നടത്തും. വ്യവസായ മേഖല കേന്ദ്രീകരിച്ച് ചില ലോറി ബുക്കിംഗ് ഏജൻസികൾ കുറഞ്ഞ വാടകയ്ക്ക് ചരക്കെത്തിക്കാൻ കൂട്ടുനിൽക്കുന്നതും തിരിച്ചടിയാണ്. ഇതിനെതിരെ സർക്കാർ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾക്ക് രൂപം നൽകിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് ഫെഡറേഷൻ ആരോപിച്ചു.