പാലക്കാട്: നിരോധനം നിലവിൽ വന്നതോടെ ജില്ലയെ പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പരിശ്രമത്തിൽ പങ്കാളിയാവുകയാണ് കുടുംബശ്രീ പ്രവർത്തകർ. തുണി, പേപ്പർ, ജൂട്ട് എന്നിവ ഉപയോഗിച്ചുള്ള ബാഗുകളുടെയും സഞ്ചികളുടെയും നിർമ്മാണം ഓരോ യൂണിറ്റുകളിലും തകൃതിയായി നടക്കുന്നു. കൂടാതെ കതിർക്കുല, മുള, നാളികേരത്തോട് തുടങ്ങിയവകൊണ്ട് നിർമ്മിക്കുന്ന ഉല്പന്നങ്ങളും വിപണിയിലെത്തും. മൺപാത്ര നിർമ്മാണവും സജീവമാണ്.
വത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള ബാഗുകൾ, പേഴ്‌സുകൾ, ഫയൽ, പേന, തുടങ്ങി ആഭരണങ്ങൾ വരെ പ്ലാസ്റ്റിക്കിതര ഉല്പന്നങ്ങൾ കൊണ്ട് നിർമ്മിച്ച് വിതരണം ചെയ്യും. പ്ലാസ്റ്റിക് നിരോധനം പൂർണമായും നിലവിൽ വരുന്നതിനാൽ ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. കടകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും വരുന്ന ഓർഡറുകൾക്കനുസരിച്ചും ബാഗുകളും മറ്റും നിർമ്മിക്കുന്നു.
നിർമ്മാണത്തിനാവശ്യമായ ഗുണമേന്മയുള്ള മെറ്റീരിയലുകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് കൊണ്ടുവരുന്നത്. ജില്ലയിലാവശ്യമായ തുണി സഞ്ചികളിൽ ഭൂരിഭാഗവും കുടുംബശ്രീ പ്രവർത്തകർ തന്നെ നേരിട്ടെത്തിക്കുമെന്നത് വ്യാപാരികൾക്കും ആശ്വാസമാണ്.