പാലക്കാട്: കുഴൽപ്പണം കടത്തുന്നുവെന്ന് സംശയിച്ച് ദമ്പതികളെ തടഞ്ഞ് പണവും സ്വർണവും ഫോണുകളും കാറും കവർന്ന കേസിൽ തൃശൂർ വരാക്കര തെക്കക്കര വീട്ടിൽ രമേഷിനെ (21) കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളിയാഴ്ച രാവിലെ 7.15ന് മുണ്ടൂർ ഐ.ടി.സിക്ക് സമീപമായിരുന്നു സംഭവം.
കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സിങ്കൈനല്ലൂർ സിങ്കൈനഗർ വെള്ളല്ലൂർ റോഡ് വിപിഞ്ചികയിൽ പി. ഹരി, ഭാര്യ ഡോ. പത്മജ എന്നിവരെയാണ് കാറിലും വാനിലുമായി വന്ന അജ്ഞാത സംഘം തടഞ്ഞ് നിറുത്തിയത്. തുടർന്ന് ഇരുവരെയും കാറിൽ നിന്ന് പിടിച്ചിറക്കി. പത്മജയെ റോഡിൽ നിറുത്തിയ ശേഷം ഹരിയെ വാനിൽ കയറ്റി കൊണ്ടുപോയി. കുഴൽപ്പണക്കാരല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഒറ്റപ്പാലത്തിന് സമീപം വീട്ടാംപാറയിൽ ഇറക്കിവിട്ടു. തുടർന്ന് ഹരി ഒറ്റപ്പാലത്ത് നിന്ന് വാടക കാറിൽ കോങ്ങാട് സ്റ്റേഷനിലെത്തി പരാതി നൽകി.
പരാതിയെ തുടർന്ന് സി.ഐ വിനുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടെയാണ് വാൻ ഓടിച്ചിരുന്ന രമേഷിനെ പിടികൂടിയത്. സംഘാംഗങ്ങൾ സഞ്ചരിച്ച മറ്റൊരു കാറും കണ്ടെടുത്തു. എന്നാൽ ദമ്പതികളുടെ കാർ കണ്ടെത്തിയിട്ടില്ല. പ്രതികൾ ഈ കാറിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. രമേഷിൽ നിന്ന് സംഘാംഗങ്ങളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 28 വർഷമായി കോയമ്പത്തൂരിൽ സ്ഥിര താമസമാക്കിയ ഡോ. പത്മജ പെരിന്തൽമണ്ണയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആഴ്ചയിൽ മൂന്നുദിവസം പഠിപ്പിക്കാൻ വരാറുണ്ട്. ഇതിനായി ഭർത്താവിനൊപ്പം വരുമ്പോഴായിരുന്നു കവർച്ച.