ചെർപ്പുളശ്ശേരി: വാഴേങ്കട കുഞ്ചുനായരുടെ അരങ്ങേറ്റ സ്മരണാർത്ഥം ഏർപ്പെടുത്തിയ ഈ വർഷത്തെ സംസ്തുതി സമ്മാൻ പുരസ്‌കാരം കഥകളി ആചാര്യൻ കോട്ടക്കൽ ഗോപി നായർക്ക് സമ്മാനിച്ചു. കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ നടന്ന ധനു അവിട്ടം സമ്മേളനത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പിയാണ് പുരസ്‌കാരദാനം നിർവഹിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. സമ്മേളനം ഡോ.ബാലചന്ദ്ര വാര്യർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.ബി.രാജാനന്ദ് അദ്ധ്യക്ഷത വഹിച്ചു.
കുഞ്ചുനായരുടെ ശിഷ്യനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി ഏർപ്പെടുത്തിയ ഗുരുദക്ഷിണ പുരസ്‌കാരം കഥകളി നടൻ എം.പി.എസ് നമ്പൂതിരിക്ക് സമ്മാനിച്ചു.
ഡോ. ടി.എസ്മാധവൻകുട്ടി സ്മൃതിപ്രഭാഷണം നടത്തി. പ്രൊഫ. ഞായത്ത് ബാലൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി, പി.വി.ശ്രീവത്സൻ, കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട്, നഗരസഭ കൗൺസിലർമാരായ കെ.എം.ഇസ്ഹാഖ്, സി.ഹംസ, കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.