ചെർപ്പുളശ്ശേരി: പാലക്കാട് - മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് തൂതപ്പുഴക്കു കുറുകെ മണ്ണാത്തിക്കടവിൽ പാലം യാഥാർത്ഥ്യമായെങ്കിലും വെള്ളിനേഴിക്കാർക്ക് ഇപ്പോഴും യാത്രാദുരിതം മാത്രം ബാക്കി. പാലവുമായി ബന്ധിപ്പിക്കുന്ന
അപ്രോച്ച് റോഡിന്റെ ഒരുഭാഗം തകർന്നു കിടക്കുന്നതാണ് ഇതുവഴിയുള്ള യാത്ര കഠിനമാക്കുന്നത്.

വെള്ളിനേഴി പഞ്ചായത്തിലുൾപ്പെട്ട റോഡാണ് മുന്നൂറ് മീറ്ററോളം ദൂരം തകർന്ന് കല്ലും മണ്ണും നിറഞ്ഞ് കിടക്കുന്നത്. മലപ്പുറം ജില്ലയിലേക്ക് വെള്ളിനേഴി ഭാഗത്തു നിന്നും ഏറ്റവും ഏളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. നിത്യേന നിരവധി വാഹനങ്ങളും വിദ്യാർത്ഥികളും നാട്ടുകാരും ആശ്രയിക്കുന്ന ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നും ആക്ഷേപമുണ്ട്. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡ് പാലം യാഥാർത്ഥ്യമായാലെങ്കിലും നവീകരിക്കുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ.

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റിൽ നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തു വന്നിരുന്നു. അന്ന് ഡിസംബറോടെ റോഡ് നവീകരിക്കുമെന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്. എന്നാൽ അതുണ്ടായില്ല .
എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ റോഡിന് അനുവദിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്തധികൃതർ നൽകുന്ന വിവരം. പക്ഷേ, പണിയെന്ന് തുടങ്ങുമെന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. റോഡിനോടുള്ള അവഗണനക്കെതിരെ വീണ്ടും പ്രക്ഷോഭമാരംഭിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

ഫോട്ടോ: തകർന്നു കിടക്കുന്ന മണ്ണാത്തിക്കടവ്കാമ്പ്രം റോഡ്