പാലക്കാട്: രാജ്യത്തെ തൊഴിൽ നിയമങ്ങളെല്ലാം എടുത്തുകളയാൻ ഒരുങ്ങുന്ന കേന്ദ്രസർക്കാരിനെതിരെ രാജ്യവ്യാപക പ്രതിഷേധം അനിവാര്യമായിരിക്കുകയാണെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള പറഞ്ഞു. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം എൻ.ജി.ഒ യൂണിയൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ട്രേഡ് യൂണിയനുകൾ മുമ്പില്ലാത്തവിധം യോജിച്ച് പ്രവർത്തിക്കുന്ന കാലമാണിത്. ബി.എം.എസ് പോലും ഈ മാസം എട്ടിന് നടക്കുന്ന ദേശീയപണിമുടക്ക് തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. സിവിൽ സപ്ലൈസ് വകുപ്പിലെ താത്കാലിക ജീവനക്കാരുടെ വേതനം ഉയർത്തുന്നതിൽ യൂണിയൻ വഹിച്ച പങ്ക് വളരെ വലുതാണ്. തുല്യജോലിക്ക് തുല്യ വേനം, ജോലി സ്ഥിരത എന്നിവയാണ് നമ്മുടെ ആവശ്യം. അത് അംഗീകരിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 10.45ന് എസ്.ശർമ്മ എം.എൽ.എ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ശേഷം രക്തസാക്ഷി മണ്ഡപത്തിൽ പുഷപ്പാർച്ചന നടത്തിയ ശേഷമാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. സ്വാഗത സംഘം ചെയർമാൻ ടി.കെ.അച്യുതൻ സ്വാഗതം പറഞ്ഞു. എസ്.ശർമ്മ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സതീഷ് രക്തസാക്ഷി പ്രമേയവും എം.ആർ.സാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആർ.ബൈജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവ്- ചെലവ് കണക്കും വർക്കിംഗ് പ്രസിഡന്റ് എൻ.എമണി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ, എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ടി.സി.മാത്തുക്കുട്ടി, കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം സി.കെ.ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.