പാലക്കാട്: മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയൻ ക്യാമ്പിൽ മൂന്നുദിവസം നീണ്ടുനിന്ന അഖിലകേരള ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേളയ്ക്ക് കൊടിയിറങ്ങി. വാശിയേറിയ പോരാട്ടങ്ങൾക്ക് വേദിയ മേളയിൽ നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിനെ ഒരു പോയിന്റിനു പിന്നിലാക്കി കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈസ്‌കൂൾ ജേതാക്കളായി, 80 പോയിന്റാണ് സമ്പാദ്യം. 79 പോയിന്റോടെ പാലക്കാട് ടെക്‌നിക്കൽ ഹൈസ്‌കൂൾ രണ്ടാംസ്ഥാനവും 47 പോയിന്റോടെ കാവാലം ടെക്‌നിക്കൽ ഹൈസ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 15 പോയിന്റോടെ പാലക്കാട് ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ആർ.ദർശൻ, കാവാലം ടെക്‌നിക്കൽ ഹൈസ്‌കൂളിലെ കെ.എസ് വിഷ്ണു എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ ടെക്‌നിക്കൽ ഹൈ സ്‌കൂളിലെ കെ.എസ്.ഫിദ ജഹാൻ 15 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മാനന്തവാടി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ അഭിഷേക് പി.സുരേഷ്, ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ചെമ്പുകാവ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എ.എം അന്ന റോസ്, സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കുളത്തൂപ്പുഴ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ ടി.വിശാഖ് എന്നിവർ ചാമ്പ്യൻമാരായി.