local

മണ്ണാർക്കാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അർദ്ധരാത്രിയിൽ സഹായിക്കാനെത്തിയ പൊലീസിന് നന്ദിപറഞ്ഞുള്ള യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറൽ. മണ്ണാർക്കാട് നാട്ടുകൽ ജനമൈത്രി പൊലീസിന് നന്ദിയറിച്ചുകൊണ്ടുള്ള തച്ചനാട്ടുകര സ്വദേശിനി അഞ്ജുവിന്റെ ഫേസ് ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാവിഷയം.

' നല്ല വാക്കിന് നന്ദി' അറിയിച്ച് കേരളാ പൊലീസ് അഞ്ജുവിന്റെ പോസ്റ്റ് പൊലീസിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തതോടെയാണ് സംഗതി വൈറലായത്. രാമനാട്ടുകരയിൽ ജോലി ചെയ്യുന്ന അഞ്ജു കഴിഞ്ഞദിവസമാണ് അർദ്ധരാത്രിയിൽ സഹായവുമായി പൊലീസിനെ വിളിച്ചത്. പോസ്റ്റ് വൈറലായതോടു കൂടി നാട്ടുകൽ പൊലീസിന് അഭിനന്ദന പ്രവാഹമാണ്.

അഞ്ജു തച്ചനാട്ടുകരയുടെ കുറിപ്പിന്റെ പൂർണരൂപം;

'വർക്ക് കഴിഞ്ഞ് രാമനാട്ടുകരയിൽ നിന്ന് വണ്ടി കയറിയത് രാത്രി 9.30 കഴിഞ്ഞാണ്. പതിവുപോലെ ബസ് സ്റ്റോപ്പിൽ വന്ന് കൂട്ടികൊണ്ടു പോകാൻ ഇപ്രാവശ്യം ഏട്ടനോ അച്ഛനോ കഴിയുമായിരുന്നില്ല. ഈ ഒരാഴ്ചകാലം ടൈറ്റ് ഷെഡ്യൂളിൽ ജീവിക്കുന്ന എനിക്ക് ആ രാത്രി തന്നെ യാത്ര തിരിക്കാതിരിക്കാനും കഴിയുമായിരുന്നില്ല. എന്നാലും നേരമെത്രേ വൈകിയാലും തന്റെ വയ്യായ്മകളെ മറന്ന് സ്റ്റോപ്പിൽ വന്ന് കൊണ്ടുപോകാൻ അച്ഛൻ തയ്യാറായിരുന്നു. പക്ഷേ ആ പാവം മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഒറ്റക്കുള്ള രാത്രി സഞ്ചാരത്തിന് ധൈര്യമുണ്ടായിരുന്നെങ്കിൽ കൂടി. നാട്ടുകൽ ജനമൈത്രി പൊലീസിലേക്ക് ഒരു ഫോൺ കോളിൽ ഞാനെന്റെ ആവശ്യം ഉന്നയിച്ചതേയുള്ളൂ, അവിടെ എത്തുമ്പോഴേക്കും പോകാനുള്ള വണ്ടി റെഡിയെന്ന് നിമിഷ നേരം കൊണ്ട് മറുപടി കിട്ടി. സ്റ്റേഷനിലെത്തി യാതൊരു സമയനഷ്ടവും കൂടാതെ വളരെ സുരക്ഷിതയായി അവരെന്നെ വീട്ടിലെത്തിച്ചു'.