ഒറ്റപ്പാലം: ഡയലോഗ് ഫിലിം സൊസൈറ്റി ഒറ്റപ്പാലം സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം 9, 10, 11, 12 തീയതികളിലായി ഒറ്റപ്പാലത്ത് നടക്കും. കേരള സാംസ്‌കാരിക വകുപ്പ്, സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ (കേരളം) എന്നിവയുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ഒറ്റപ്പാലം ലക്ഷ്മി പിക്ചർ പാലസ് സ്‌ക്രീൻ ഒന്ന്, രണ്ട്, ഓപ്പൺ തിയ്യേറ്റർ എന്നിവയാണ് പ്രദർശന കേന്ദ്രങ്ങൾ. നാല് ദിവസങ്ങളിൽ ആറു വിഭാഗങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഒമ്പതിന് വൈകീട്ട് 4.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.ഉണ്ണി എം.എൽ.എ, നടൻ ഇർഷാദ് അലി, സംവിധായകരായ അരുൺ ബോസ്, അനുരാജ് മനോഹർ, പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ അംഗം എസ്.അജയകുമാർ, ജി.പി.രാമചന്ദ്രൻ, ഇ.രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും.


പത്തിന് വൈകീട്ട് 4.30ന് 'സിനിമ എന്ന തൊഴിലിടം' വിഷയത്തിൽ ഓപ്പൺ ഡയലോഗ് സംഘടിപ്പിക്കും. 11ന് വൈകീട്ട് 4.30ന് 'മാറുന്ന കാഴ്ചാ ശീലങ്ങൾ' വിഷയത്തിൽ ഹരിശങ്കർ കർത്ത, ഹരിനാരായണൻ, ശൈലൻ, അനുചന്ദ്ര എന്നിവർ പങ്കെടുക്കുന്ന ഓപ്പൺ ഡയലോഗ് ഉണ്ടായിരിക്കും. 12ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷിഖ് അബു, ലാൽ ജോസ്, ആർ.പി.അമുദൻ, മഹേഷ്പഞ്ചു, അനു പാപ്പച്ചൻ, എം.ബി.രാജേഷ്, എം.ഹംസ എന്നിവർ പങ്കെടുക്കും. തുടർന്ന് ആറങ്ങോട്ടുകര വയലി അവതരിപ്പിക്കുന്ന മുള സംഗീതം ഉണ്ടാകും. ചലച്ചിത്രോത്സവത്തോടനുബന്ധിച്ച് പുസ്തക പ്രദർശനവും പെയിന്റിങ്ങ് ഫോട്ടോ എക്‌സിബിഷനുകളും നടത്തും. ചലച്ചിത്രോത്സവത്തിന്റെ ഡെലിഗേറ്റ് പാസുകൾ ഒറ്റപാലം അശ്വിനി ആശുപത്രിക്ക് സമീപമുള്ള ഫെസ്റ്റിവൽ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 9447363719.