പാലക്കാട്: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പദ്ധതി പ്രകാരം19 ന് പോളിയോ തുള്ളിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് വകുപ്പുതല ഏകോപന യോഗം ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്നു. 13ന് ജില്ലാ ആശുപത്രിയിൽ സൂപ്പർവൈസർമാർ, മുനിസിപ്പൽ പരിധിയിൽ ഉൾപ്പെടുന്ന ഹെൽത്ത് ഇൻസ്‌പെക്ടർമാർ, നഗര പരിധിയിൽ മെഡിക്കൽ ഓഫീസർമാർ എന്നിവർക്ക് പരിശീലനം സംഘടിപ്പിക്കാൻ തീരുമാനമായി.
അഞ്ച് വയസിൽ താഴെയുള്ള രണ്ടേകാൽ ലക്ഷത്തിൽപ്പരം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും. തുടർന്ന് 20, 21 തീയതികളിൽ വോളന്റിയർമാർ ഗൃഹസന്ദർശനം നടത്തി അഞ്ചു വയസിനു താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പുവരുത്തും.
കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ.യും ആർ.സി.എച്ച് ഓഫീസറുമായ ഡോ. ടി.കെ ജയന്തി പദ്ധതി വിശദീകരണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ടി കെ നാസർ, മാസ് മീഡിയ ഓഫീസർ പി എ സന്തോഷ് കുമാർ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സി വി വിനോദ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചു.
ക്രമീകരണങ്ങൾ പൂർത്തിയായി
പോളിയോ ബൂത്തുകൾ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ പ്രവർത്തിക്കും. ജില്ലയിൽ 2200 ഓളം സാധാരണ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 68 ട്രാൻസിറ്റ് ബൂത്തുകൾ, 5 മേള/ബസാർ ബൂത്തുകൾ, ഉൾപ്രദേശങ്ങളിലേക്കായി 100 മൊബൈൽ ബൂത്തുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.
ഒരു ബൂത്തിൽ രണ്ടു വോളന്റിയർമാരും 10 ബൂത്തുകളുടെ മേൽനോട്ടത്തിനായി ഒരു സൂപ്പർവൈസറും ഉണ്ടാകും.
അങ്കണവാടികൾ, സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ഉത്സവ സ്ഥലങ്ങൾ തുടങ്ങി കുട്ടികൾ വരാനിടയുള്ള എല്ലാ സ്ഥലങ്ങളിലും പ്രത്യേക ബൂത്തുകൾ സ്ഥാപിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ആരോഗ്യ വകുപ്പ് ഏർപ്പെടുത്തും. രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം വാക്‌സിൻ നൽകിയ കുട്ടികൾക്കും തുള്ളി മരുന്നുനൽകണം.