പാലക്കാട്: മാലിന്യസംസ്‌കരണത്തിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച് പുതിയ മാതൃകയാവുകയാണ് പുതുപ്പരിയാരം പഞ്ചായത്ത്. കച്ചവട സ്ഥാപനങ്ങൾ, കടകൾ, കല്യാണമണ്ഡപങ്ങൾ, പൊതുഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സംസ്‌കരണ പ്ലാന്റിലെത്തിച്ച് ജൈവവളമാക്കി മാറ്റുക വഴി ഒരു മാസത്തെ വരുമാനം ലക്ഷങ്ങൾ.
ദിസേന 500 ലധികം കിലോ ജൈവമാലിന്യം പുതുപ്പരിയാരത്തെ പ്ലാന്റ് ജീവനക്കാരുടെ നേതൃത്വത്തിൽ ശേഖരിക്കുന്നു. ഇത് ഇനാക്കുലവും ചകിരിച്ചോറും ചേർത്ത് വളമാക്കി കൃഷിഭവൻ മുഖേന കിലോയ്ക്ക് 15 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
മുണ്ടൂർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് പുതുപരിയാരം പഞ്ചായത്തിൽ മാലിന്യസംസ്‌കരണം നടപ്പാക്കുന്നത്.
ഹോട്ടൽ, കടകൾ, സ്ഥാപന ഉടമകളിൽ നിന്ന് യൂസർ ഫീ വാങ്ങുന്നുണ്ട്. ഈ ഇനത്തിൽ മാത്രം 18,000 രൂപയോളം ഓരോ മാസവും ലഭിക്കുന്നുണ്ട്. 5, 10, 20, 50 കിലോഗ്രാം വീതമുള്ള ചാക്കുകളിൽ സമൃദ്ധി എന്ന പേരിലുള്ള ജൈവവളം ലഭിക്കും. പഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിൽ പണം അടച്ച രസീത് മാലിന്യ സംസ്‌കരണ പ്ലാന്റിൽ നൽകിയാൽ വളം ലഭിക്കും. പുതുപ്പരിയാരം കൃഷിഭവന്റെ നേതൃത്വത്തിൽ പാടശേഖരസമിതികൾക്കും മറ്റും കൃഷിവകുപ്പിന്റെ പദ്ധതിപ്രകാരം വളം വാങ്ങി നൽകുന്നുണ്ട്. ഡിസംബർ മാസത്തിൽ മാത്രം ആറായിരത്തിലധികം കിലോ വളമാണ് വിൽപ്പന നടത്തിയത്.
'ക്ലീൻ പുതുപരിയാരം ഗ്രീൻ പുതുപ്പരിയാരം' എന്നീ പദ്ധതിയിലൂടെ മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കി മാലിന്യ ശേഖരണത്തിലൂടെ വൃത്തിയുള്ള ഗ്രാമപഞ്ചായത്താക്കി മാറ്റുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം നടപടികളെടുക്കുന്നത്.
900 വീടുകളിൽ ബയോബിൻ
വീടുകളിലെ അടുക്കള മാലിന്യമടക്കമുള്ള ജൈവ വസ്തുക്കളുടെ സംസ്‌ക്കരണത്തിന് 900 ബയോ ബിന്നുകൾ വിതരണത്തിന് തയാറായിട്ടുണ്ട്. 1800 രൂപ വിലവരുന്ന ബിന്നുകൾ 90 ശതമാനം സബ്‌സിഡിയോടെ 180 രൂപയ്ക്കാണ് പഞ്ചായത്ത് പരിധിയിലെ വീടുകൾക്ക് നൽകുക. മുണ്ടൂർ ഐ.ആർ.ടി.സി രൂപകൽപന ചെയ്ത ബയോ ബിന്നുകളാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ 18 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് ഉറവിട മാലിന്യ സംസ്‌ക്കരണത്തിനായി ചെലവഴിക്കുന്നത്.
ഫോട്ടോ (1,2): പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വിൽപനയ്ക്കായി ഉൽപ്പാദിപ്പിക്കുന്ന 'സമൃദ്ധി' ജൈവ വളം