ശ്രീകൃഷ്ണപുരം: ആർ.എസ്.എസ് അജണ്ടയായ മതാധിഷ്ഠിത രാഷ്ട്രമാണ് മോദി ലക്ഷ്യമിടുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമം ഒരു മത വിഭാഗത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തെ പൊതുവായി ബാധിക്കുന്ന വിഷയമാണ്. ഡൽഹി ജെ.എൻ.യുവിൽ നടന്ന ആക്രമണത്തെ അപലപിക്കുന്ന കേരള മുഖ്യമന്ത്രി കേരളത്തിലെ കലാലയങ്ങളിൽ എസ്.എഫ്.ഐ നടത്തുന്ന ഗുണ്ടായിസത്തെയും അപലപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പൗരാവകാശ സംരക്ഷണത്തിനായി വി.കെ.ശ്രീകണ്ഠൻ എം.പി നയിക്കുന്ന ലോംഗ് മാർച്ച് തിരുവാഴിയോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സി ജനറൽ സെക്രട്ടറി ഒ.വിജയകുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രൻ, സി.വി. ബാലചന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ എ. രാമസ്വാമി, പി.വി.രാജേഷ്, കെ.എസ്.ബി.എ തങ്ങൾ, സ്വാമിനാഥൻ സംസാരിച്ചു.

ചിറ്റൂർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആലത്തൂർ എം.പി.രമ്യ ഹരിദാസ് നയിക്കുന്ന ലോംഗ് മാർച്ച് തത്തമംഗലം മേട്ടുപ്പാളയത്ത് നിന്ന് ആരംഭിച്ചു. വി.ഡി.സതീശൻ എം.എൽ.എ പതാക കൈമാറി മാർച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.

മതപരമായി വിവേചനം നടത്തി തമ്മിലടിപ്പിച്ച് രാജ്യത്തെ കലാപഭൂമിയാക്കുകയാണ് ഈ നിയമ ഭേദഗതിയുടെ മേദി സർക്കാർ ചെയുന്നത്. ഇത് മുസ്ലീം വിഭാഗത്തെ മാത്രമല്ല എല്ലാ വിഭാഗങ്ങളെയും ഭരണഘടനയേയും ബാധിക്കുന്ന ഒന്നാണെന്നും വി.ഡി.സതീശൻ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ വി.എസ്.വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു.

നരസഭ ചെയർമാൻ കെ.മധു, മുൻ എം.എൽ.എമാരായ കെ.അച്യുതൻ, കെ.എ.ചന്ദ്രൻ, എ.വി.ഗോപിനാഥ്, യു.ഡി.എഫ് ചെയർമാൻ കെ.രാമസ്വാമി, സി.വി.ബാലചന്ദ്രൻ, ശാന്ത ജയറാം, കുശലകുമാർ, കെ.എസ്.തനി കാചലം, കെ.സി.പ്രീത് എന്നിവർ സംസാരിച്ചു.