പാലക്കാട്: കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോയിലെ കെട്ടിട നിർമാണം ഈ മാസം 14ന് തുടങ്ങുമെന്ന് ഊരാളുങ്കൽ സൊസൈറ്റി ബോർഡ് ഡയറക്ടർ എം.പത്മനാഭൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാന്റ് പുനർനിർമാണവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എം.എൽ.എയും ഉദ്യോഗസ്ഥരുമായി സ്ഥലം പരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

സർക്കാർ അനുവദിച്ച പതിനഞ്ചുമാസം സമയപരിധിക്കുള്ളിൽ തന്നെ കെട്ടിട നിർമ്മാണം പൂർത്തിയാക്കും. നിലവിലെ തീരുമാനത്തിൽ മാറ്റംവരുത്താതെ നിർമ്മാണം ഉടനെ പൂർത്തിയാക്കണമെന്ന് എം.എൽ.എ കരാറുകാരോട് ആവശ്യപ്പെട്ടു. സ്റ്റാന്റ് നിർമ്മിക്കാത്തതിനെ തുടർന്ന് യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ആരും തടസവാദം ഉന്നയിക്കാൻ മുന്നോട്ടുവരുതെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

7.1 കോടി രൂപയുടേതാണ് പദ്ധതി. ഒന്നാംഘട്ടമായ ബസ് ടെർമിനലിന് അഞ്ചുകോടിയും രണ്ടാംഘട്ടമായ യാർഡിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി 2.1 കോടിയുമാണ് നീക്കിവെച്ചത്. നിർമ്മാണം ആരംഭിക്കുന്നതോടെ കെ.എസ്.ആർ.ടി.സി സർവീസ് സ്റ്റാൻഡിനു പിന്നിലെ സമാന്തര പാതയിലൂടെയാക്കും. എല്ലാ സർവീസുകളും ഇതിലൂടെ ക്രമീകരിക്കും. ബസുകൾ നിർത്തിയിടാൻ രാത്രി ടൗൺ സ്റ്റാൻഡ് ഉപയോഗിക്കും. പകൽ അബൂബക്കർ റോഡും സർവീസ് റോഡും ഉപയോഗിക്കാനാണ് ആലോചന. മുനിസിപ്പാലിറ്റിയുമായുള്ള ചർച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമെടുക്കും. കെ.എസ്.ആർ.ടി.സി ഡി.ടി.ഒ ടി.എ.ഉബൈദ്, വിജിലൻസ് ഇൻസ്‌പെക്ടർ ഇൻചാർജ്ജ് കെ.വിജയകുമാർ, ഡിപ്പോ എൻജീനിയർ സഞ്ജയ്, ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ വി.സജീവ്കുമാർ, ഊരാളുങ്കൽ ലേബർ സർവീസ് ബോർഡ് എൻജിനീയർ നിഖിൽരാജ്, സൈറ്റ് സൂപ്പർവൈസർ കെ.വിജീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.