പാലക്കാട്: അഖിലേന്ത്യാ കിസാൻസഭ മലമ്പുഴ മണ്ഡലം സമ്മേളനം എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. അഖിലേന്ത്യ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ജയ് ജവാൻ, ജയ് കിസാൻ എന്ന് പറയുമ്പോൾ കിസാന് വേണ്ടി ഒന്നും കേന്ദ്രസർക്കാർ ചെയ്യുന്നില്ല. ഭൂരിഭാഗം വരുന്ന കർഷകരുടെയും സാധാരണ ജനങ്ങളുടെയും പ്രശ്‌നങ്ങളല്ല ഇന്ന് പാർലമെന്റ് ചർച്ച ചെയ്യുന്നത്. രാഷ്ട്രീയ അജണ്ടകളിൽ നിന്ന് മാറി ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സർക്കാരാവണമെന്നും കർഷകർക്ക് വേണ്ടി മാത്രം കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കണമെന്നും വി.ചാമുണ്ണി ആവശ്യപ്പെട്ടു.


കിസാൻസഭ മണ്ഡലം പ്രസിഡന്റ് വി.ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി വി.എസ്.രാമചന്ദ്രൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് ശ്രീധരൻ, സുമലത മോഹൻദാസ്, മോഹനൻ, സന്തോഷ് കൂട്ടാല എന്നിവർ സംസാരിച്ചു. കിസാൻസഭ പഞ്ചായത്ത് പ്രസിഡന്റ് യു.ശ്രീധരൻ പതാക ഉയർത്തി. പരിസ്ഥിതി, ജലം, മണ്ണ് എന്ന വിഷയത്തിൽ കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി.സുരേഷ് ബാബു ക്ലാസെടുത്തു.