പാലക്കാട്: ആർദ്രംമിഷന്റെ ജില്ലയിലെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി മാർച്ചിനകം ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും. ആർദ്രംമിഷൻ രണ്ടാംഘട്ടത്തിന്റെ അവലോകനത്തിനായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ.പി റീത്തയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 16 പ്രൈമറി ഹെൽത്ത് സെന്ററുകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. കൂടാതെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ അതത് പഞ്ചായത്തുകൾ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും നിയമിക്കണമെന്ന് യോഗം വിവിധ പഞ്ചായത്തുകളോട് നിർദേശിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ പഞ്ചായത്തുകളിലെ പ്രവർത്തനങ്ങളുടെ പുരോഗതി വിശദീകരിച്ചു. ജനകീയ കാമ്പെയിൻ വിപുലീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ആർദ്രം നോഡൽ ഓഫീസറും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. ടി എൻ അനൂപ് കുമാർ വിശദീകരിച്ചു.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് പ്രധാനലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണശീലം, വ്യായാമം, മാനസികാരോഗ്യം, ലഹരി വർജനം, ശുചിത്വം, മാലിന്യ സംസ്‌കരണം തുടങ്ങിയവ പൊതുജനങ്ങളിൽ ശീലിപ്പികേണ്ടതുണ്ട്.
ശിശുക്കൾക്കും അമ്മമാർക്കുമുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും പല പഞ്ചായത്തുകളിലും ഫലപ്രദമായി നടക്കുന്ന കൗൺസലിംഗ് മറ്റ് പഞ്ചായത്തുകൾ മാതൃകയാക്കണമെന്നും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ടി.കെ ജയന്തി പറഞ്ഞു. കൂടാതെ വിമുക്തി മിഷനിലൂടെ ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണം എക്‌സൈസ് വകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
അവലോകന യോഗത്തിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർമാരായ ടി.കെ നാസർ, സെൽവരാജ്, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ ബെനില ബ്രൂണോ, വിവിധ വകുപ്പ് പ്രതിനിധികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ (1): ആർദ്രം മിഷൻ രണ്ടാംഘട്ടം അവലോകനവും ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ വിപുലീകരണം സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) കെ.പി റീത്ത സംസാരിക്കുന്നു