പാലക്കാട്: സ്റ്റോക്കുള്ള പ്ലാസ്റ്റിക് ഉല്പന്നങ്ങൾ വിറ്റഴിക്കാനുള്ള സമയം തരണമെന്ന് വ്യാപരികൾ ഒറ്റപ്പാലം നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷൻ വിളിച്ചുചേർത്ത യോഗത്തിലാണ് വ്യാപാരികൾ ആവശ്യമുന്നയിച്ചത്.
ജനുവരി 15 വരെയുള്ള സമയം കഴിഞ്ഞാലും വില്പന നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. എന്നാൽ നഗരസഭയ്ക്ക് ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ലെന്നും വിഷയം സംസ്ഥാന സർക്കാരിനെ അറിയിക്കാമെന്നും നഗരസഭ അധ്യക്ഷൻ വ്യാപാരികളെ അറിയിച്ചു. 15വരെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രധാന്യം അറിയിച്ച് ബോധവത്കരണം നടത്തും. അതിനിടയിൽ സർക്കാർ മറ്റൊരു ഉത്തരവ് പുറത്തിറക്കാത്ത പക്ഷം പരിശോധനകൾ തുടരുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. പദ്ധതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ബദൽ മാർഗങ്ങൾ പോലും സജീവമാകാതെ എങ്ങനെ കച്ചവടം നടക്കുമെന്നാണ് വ്യാപാരികളുടെ ആശങ്ക. കുടുംബശ്രീ വഴി തുണിസഞ്ചി നിർമ്മാണം ആരംഭിച്ചിട്ടുണ്ടെന്നും ഇത് ഉപയോഗപ്പെടുത്താനും അധ്യക്ഷൻ യോഗത്തിൽ നിർദ്ദേശിച്ചു.
മൂന്ന് കുടുംബശ്രീ യൂണിറ്റുകൾ ചേർന്ന് അഞ്ചു രൂപയ്ക്കാണ് തുണിസഞ്ചികൾ വിതരണം ചെയ്യുന്നത്. വ്യാപാരികൾക്കും ഇത് വില ഈടാക്കി ഉപഭോക്താക്കൾക്ക് നൽകാമെന്നും അധികൃതർ അറിയിച്ചു. എന്നാലിത് പൂർണമായും പ്രവർത്തികമല്ലെന്നും വ്യാപാരികൾ ഉന്നയിച്ചു. നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ പട്ടികയും സർക്കാർ ഉത്തരവും യോഗത്തിൽ വ്യാപാരികൾക്ക് നൽകി.
ഒറ്റപ്പാലം നഗരസഭ അധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ.രത്‌നമ്മ, ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ, കെ.ബി.ശശികുമാർ, ഇ.പ്രഭാകരൻ, സീനത്ത്, കൗൺസിലർമാർ, വ്യാപാരി സംഘടന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.