പാലക്കാട്: അയൽ സംസ്ഥാനങ്ങളിലെ കന്നുകാലികളിൽ ചർമമുഴ (ലംപി സ്‌കിൻ ഡിസീസ്) വ്യാപകമായി കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും മൃഗസംരക്ഷണ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. വളരെ പെട്ടെന്നുതന്നെ പടർന്നുപിടിക്കുന്ന ഈ വൈറസ് ബാധ പശുക്കളെയും എരുമകളെയും മാത്രമേ ബാധിക്കുകയുള്ളു. മനുഷ്യരിലേക്കും മറ്റുവളർത്തു മൃഗങ്ങളിലേക്കും ഇത് പകരില്ലെന്നും അധകൃതർ വ്യക്തമാക്കുന്നു. ചിലയിനം ചെള്ള്, സ്റ്റോമോക്‌സിസ് ഇനത്തിൽപ്പെട്ട കടിയീച്ചകൾ, ചിലയിനം കൊതുകുകൾ എന്നിവയാണു രോഗവാഹകർ.
അതേസമയം, ചെറിയ ഈച്ചകൾ കടിച്ച് കന്നുകാലികൾക്കുണ്ടാകുന്ന അലർജി രോഗങ്ങൾ ജില്ലയിലെ കിഴക്കൻ മേഖലയിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, ഇതു ചർമമുഴയല്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.
രോഗം തീവ്രമായാൽ കന്നുകാലികൾ ചത്തുപോകാനിടയുള്ളതിനാൽ സംസ്ഥാനത്തെ ക്ഷീര കർഷകർ കന്നുകാലി പരിപാലനത്തിൽ പ്രത്യേക ശ്രദ്ധപുലർത്തണം. കന്നുകാലികളിൽ അസ്വാഭാവികമായ രോഗലക്ഷണങ്ങൾ കണ്ടാൽ അടിയന്തരമായി ചികിത്സ ലഭ്യമാക്കണം. കൂടാതെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കാനും കർഷകർക്കും വെറ്ററിനറി ഡോക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ലക്ഷണങ്ങൾ
കന്നുകാലികളുടെ ചർമത്തിൽ മുഴകൾ, മൂക്കിൽ നിന്നും കണ്ണിൽ നിന്നും നീരൊലിപ്പ്, പനി, കഴലവീക്കം, പാൽ ഉൽപാദനത്തിൽ കുറവ്, വിശപ്പില്ലായ്മ.
രോഗനിർണയം
രോഗബാധയുള്ള മൃഗങ്ങളുടെ രക്തത്തിൽ നിന്നോ, മുഴകളിലെയോ വ്രണങ്ങളിലെയോ കലകളിൽനിന്നോ രോഗവാഹിനിയായ വൈറസിന്റെ ഡി.എൻ.എ തിരിച്ചറിയുന്നതിനുള്ള പോളിമറേസ് ചെയിൻ റിയാക്ഷൻ ടെസ്റ്റ് മുഖേനയാണ് രോഗനിർണയം നടത്തുന്നത്.
രോഗത്തിന്റെ പകർച്ചാ നിരക്ക് 20% വരെയാണ്. 5% വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 4 മുതൽ 28 ദിവസത്തിനുള്ളിൽ കാലികളിൽ രോഗലക്ഷണങ്ങൾ കാണം
പാൽ വഴി പശുക്കിടാങ്ങളിലേക്കും രോഗം പകരാറുണ്ട്
കഴിഞ്ഞവർഷമാണ് രാജ്യത്ത് ആദ്യമായി ഈരോഗം റിപ്പോർട്ട് ചെയ്തത്, ഒഡീഷയിൽ