പാലക്കാട്: കേന്ദ്രസർക്കാറിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്തെ പത്ത് ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തിയ ദേശീപണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും സർവീസ് നടത്തിയില്ല. ചുരുക്കംചില സ്വകാര്യവാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്, കടകൾ അടഞ്ഞുകിടന്നു. ബാങ്കിംഗ് - ഇൻഷ്വറൻസ് മേഖലകളിലെ സംഘടനകളും പണിമുടക്കുമായി സഹകരിക്കുന്നതിനാൽ ഈ മേഖലയും സ്തംഭിച്ചു. സർക്കാർ ഓഫീസുകളും സ്‌കുളുകളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ജില്ലയിലെ വിവിധയിടങ്ങളിൽ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടന്നു. അതേസമയം, മറ്റ് അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
വെണ്ണക്കര സ്‌കുളിൽ ജോലിക്ക് വരികയായിരുന്ന അധ്യാപകരെയും ജീവനക്കാരെയു സമരാനുകൂലികൾ വിരട്ടിയോടിച്ചു. ഒലവക്കോട് ജംഗ്ഷനിൽ ബി.എം.എസ് ഓട്ടേറിക്ഷ തൊഴിലാളിയായ ഹരിഗോവിന്ദന് മർദ്ദനമേറ്റു. ഇന്നലെ പുലർച്ചെ മൂന്നിന് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കി തിരിച്ചുവരുന്നതിനിടെയാണ് ഒരുസംഘം തടഞ്ഞ് നിർത്തി മർദ്ദിച്ചത്.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ വ്യവസായ ശാലകൾ പൂർണമായും അടഞ്ഞ് കിടന്നു. ഇതേതുടർന്ന് കോടികണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം അഭിപ്രായപ്പെട്ടു. പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ മിക്കവരും യാത്ര ഒഴിവാക്കിയിരുന്നു. പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനുകളിൽ തീവണ്ടികൾ ഇറങ്ങിയവർ പക്ഷേ, ബുദ്ധിമുട്ടി. പലരും പൊലീസ് വാഹനങ്ങളിലും മറ്റുമാണ് വീടുകളിലെത്തിയത്.
കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നെങ്കിലും നഗരത്തിൽ ഉൾപ്പെടെ കടകമ്പോളങ്ങൾ യാതൊന്നും തുറന്നില്ല. ജില്ലയിൽ നിന്നും എരുമേലി വരെ പോകുന്ന കെ.എസ്.ആർ.ടി.സിയുടെ രണ്ട് സർവീസും നിറുത്തിവച്ചതിനാൽ ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടായി. ജില്ലാശുപത്രിയിലെ കാരുണ്യ ഫാർമസി അടച്ചിട്ടത് മൂലം രോഗികൾ വൻതുക മുടക്കി പുറമെയുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ നിന്നാണ് മരുന്നുവാങ്ങിയത്.
നഗരത്തിലെ അഞ്ചുവിളക്കിന് സമീപം അടക്കം ജില്ലയിൽ 58 കേന്ദ്രങ്ങളിൽ തൊഴിലാളികളും ജീവക്കാരും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രകടനം നടന്നു. അഞ്ച് വിളക്കിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.കെ.ദിവാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ.നൗഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ചന്ദ്രൻ, എൻ.എൻ.കൃഷ്ദാസ്, ടി.കെ.അച്ചുതൻ, ഐ.എൻ.ടി.യു .സി ജില്ലാ പ്രസിഡന്റ് ചിങ്ങന്നൂർ മനോജ്, സുധാകരൻ പ്ലാക്കാട്ട്, എ.ഐ.ടി.യു.സി നേതാക്കളായ വി.ചാമുണ്ണി, എൻ.ജി.മുരളിധരൻ എന്നിവർ സംസാരിച്ചു.