ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു
ചെർപ്പുളശ്ശേരി: പൗരത്വ നിയമഭേദഗതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചെർപ്പുളശ്ശേരി നഗരസഭ പ്രമേയം പാസാക്കി. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ വൈസ് ചെയർമാൻ കെ.കെ.എ.അസീസാണ് അജണ്ടയായി പ്രമേയം അവതരിപ്പിച്ചത്. ഭാരതത്തിന്റെ മതേതരത്വം തകർക്കുന്നതും പൈതൃകത്തിന്റെ കടക്കൽ കത്തി വെക്കുന്നതുമാണ് ദേശീയ പൗരത്വ നിയമ ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. പ്രമേയത്തെ കോൺഗ്രസ് കൗൺസിലർ പി.പി. വിനോദ് കുമാർ പിന്താങ്ങി. പ്രധാന പ്രതിപക്ഷമായ സി.പി.എം പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബി.ജെ.പി കൗൺസിലർമാരായ പി.ജയനും പ്രകാശ് കുറുമാപ്പള്ളിയും പ്രമേയത്തെ എതിർത്തു. നഗരസഭയുടെ പ്രമേയം വെറുമൊരു ഗോഷ്ടിയായാണ് കാണുന്നതെന്നും തെറ്റുദ്ധാരണ പരത്തുന്നതും അസംബന്ധവുമായ കാര്യങ്ങളാണ് പ്രമേയത്തിൽ പറയുന്നതെന്നും ബി.ജെ.പി കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതേ ചൊല്ലി രൂക്ഷമായ വാഗ്വാദവും നടന്നു. തുടർന്ന് മുദ്രാവാക്യം വിളികളുമായി ബി.ജെ.പി.കൗൺസിലർമാർ പ്രതിഷേധിച്ചു. ശേഷം ഇവരുടെ വിയോജിപ്പോടെ പ്രമേയം പാസാക്കി.
ഇതു കൂടാതെ 17 അജണ്ടകൾ യോഗത്തിൽ ചർച്ചചെയ്തു. ചെയർപേഴ്‌സൺ ശ്രീലജ വാഴക്കുന്നത്ത് അധ്യക്ഷയായി.