കൊടുവായൂർ: പ്രശസ്ത വാദ്യകലാകാരനും പരേതനായ കുഞ്ഞുകുട്ടൻ മാരാരുടെ മകനുമായ പല്ലാവൂർ മാരാത്ത് വീട്ടിൽ സന്തോഷ് കുഞ്ഞുകുട്ടൻ (43) നിര്യാതനായി. ബുധനാഴ്ച പുലർച്ചെ പല്ലാവൂരിലെ വീട്ടിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സന്തോഷിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടയ്ക്കയിലും ചെണ്ടയിലും ഒരുപോലെ പ്രാവീണ്യമുള്ള സന്തോഷ്, തായമ്പകയിലും ശ്രദ്ധേയനായിരുന്നു. പല്ലാവൂർ ത്രയങ്ങൾ എന്ന് അറിയപ്പെട്ടിരുന്ന വലിയച്ഛന്മാരായ പല്ലാവൂർ അപ്പുമാരാർ, പല്ലാവൂർ മണിയൻ മാരാർ എന്നിവരും അച്ഛൻ കുഞ്ഞുകുട്ടമാരാരുമാണ് സന്തോഷിന്റെ ഗുരുക്കന്മാർ.
പത്താംവയസിൽ പല്ലാവൂർ തൃപ്പല്ലാവൂർ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. സംസ്ഥാനത്തെ പ്രമുഖ ഉത്സവങ്ങളിലെല്ലാം ശ്രദ്ധ നേടിയ സന്തോഷ് കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് ഗുരുവായൂർ ഇടത്തരികത്തുകാവ് താലപ്പൊലിക്കാണ് അവസാനമായി ഇടയ്ക്ക വായിച്ചത്. കലാസാഗർ പുരസ്‌കാരം, ദത്താത്രേയ ട്രസ്റ്റിന്റെ മഹാധന്വന്തരി പുരസ്‌കാരം, ഗ്രാമിക പുരസ്‌കാരം, നെടങ്ങോട് എഴുത്തച്ഛൻ ട്രസ്റ്റ് പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. കുറച്ചുകാലം പല്ലാവൂർ ശിവക്ഷേത്രത്തിൽ കഴകക്കാരനായും ജോലി നോക്കി.
അമ്മ: സതീദേവി മാരസ്യാർ. ഭാര്യ: ഉമ. മകൾ: നവനീത. ബുധനാഴ്ച ഉച്ചയോടെ പല്ലാവൂരിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ വാദ്യകലാകാരന്മാർ ഉൾപ്പെടെ നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിന് ഐവർമഠം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കും.