കൊല്ലങ്കോട്: റെയിൽവേ സ്വകാര്യവൽക്കരണ നടപടി ഉദാരമാക്കിയതോടെ ബ്രോഡ്‌ഗേജ് ലൈനാക്കി മാറ്റി നാലുവർഷമായിട്ടും പുതിയ ട്രെയിനുകൾ അധികമൊന്നും ലഭിക്കാത്തെ പാലക്കാട്- പൊള്ളാച്ചി പാതയ്ക്കും ഈ ഗതിയാകുമോ എന്ന ആശങ്കയിൽ യാത്രക്കാർ. പ്രീമിയം, സൂപ്പർ ക്ളാസ് ട്രെയിനുകൾ മാത്രമോടിക്കാനാണ് റെയിൽവേയ്ക്ക് താല്പര്യമെന്നും സാധാരണക്കാർക്ക് ആവശ്യകരമായ പാസഞ്ചർ, എക്സ്‌പ്രസ് ട്രെയിനുകൾക്ക് പ്രാധാന്യം നൽകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. ഇക്കാരണത്താലാണ് നാലുവർഷമായിട്ടും മീറ്റർ ഗേജിലോടിയിരുന്ന ട്രെയിനുകളൊന്നും പുനഃസ്ഥാപിക്കാൻ അധികൃതർ മിനക്കെടാത്തത്.
പഴനി, മധുര, രാമേശ്വരം എന്നിവയെ ബന്ധിപ്പിച്ച് മാംഗ്ളൂർ, കൊച്ചി എന്നിവിടങ്ങളിൽ നിന്ന് പാലക്കാട്- പൊള്ളാച്ചി വഴി സ്പെഷ്യൽ ക്ളാസ് സ്വകാര്യ ട്രെയിനുകളോടിച്ച് ലാഭം കൊയ്യാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുണ്ടെന്ന അഭ്യൂഹവും ഉയരുന്നുണ്ടെങ്കിലും റെയിൽവേ അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്.
പൊള്ളാച്ചി മുതൽ പാലക്കാട് ടൗൺ വരെ മധുര റെയിൽവേ ഡിവിഷന്റെ കീഴിലായിരുന്നപ്പോൾ നിരവധി ട്രെയിനുകളാണ് മീറ്റർഗേജിലൂടെ സർവീസ് നടത്തിയിരുന്നത്. ഡിവിഷൻ മാറ്റത്തിൽ പാലക്കാട് ഡിവിഷന്റെ അതിർത്തി പൊള്ളാച്ചി കിണത്തുകടവ് വരെ നീട്ടിയതോടെ ട്രെയിനുകളുടെ ഓട്ടവും കുറഞ്ഞു. അതേസമയം, കോയമ്പത്തൂർ- പോത്തന്നൂർ വഴി പൊള്ളാച്ചി, പഴനി, മധുര, രാമേശ്വരം ട്രെയിനുകളുടെ എണ്ണവും വർദ്ധിച്ചു. യാത്രക്കാർക്ക് അനുസൃതമായ സമയത്ത് പാലക്കാട്- പൊള്ളാച്ചി പാതയിൽ ട്രെയിൻ ഇല്ലാത്തതും തിരിച്ചടിയായി.
മീറ്റർഗേജിൽ ഓടിയിരുന്ന രാമേശ്വരം ട്രെയിൻ പൂർണമായും നിറുത്തലാക്കി. കൂടാതെ നാലോളം സർവീസ് നടത്തിയ പാസഞ്ചർ ട്രെയിനും ഇല്ലാതായി. ഇതുവരെ ഇവ പുനഃസ്ഥാപിക്കാത്തത് സ്വകാര്യ സർവീസ് ആരംഭിക്കാനുള്ള നീക്കം മൂലമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. മംഗലാപുരം- രാമേശ്വരം, രാമേശ്വരത്തിന് നിന്ന് കൊങ്കൺ സർവീസ്, എറണാകുളം- രാമേശ്വരം തുടങ്ങിയ ദീർഘദൂര ട്രെയിൽ സർവീസ് സ്വകാര്യ പങ്കാളിത്തത്തോടെ ഈ റൂട്ടിൽ ആരംഭിക്കുമെന്ന് അഭ്യൂഹവുമുണ്ട്.
പാതയിൽ പ്രധാനമായും ചരക്ക് കടത്തിനും വിനോദവാണിജ്യ സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിച്ചുമുള്ള കേന്ദ്രങ്ങളുമായതിനാൽ സ്വകാര്യ സർവീസ് നടത്തിയാൽ മികച്ച ലാഭം കൈവരിക്കാൻ കഴിയുമെന്ന് കണക്കായിയാണ് ഈ നീക്കമെന്ന് വിഗദ്ധർ ചൂണ്ടിക്കാട്ടുന്നു.