പാലക്കാട്: എ.ബി.സി പദ്ധതി വഴി കഴിഞ്ഞവർഷം ജില്ലയിൽ 4853 തെരുവ് നായ്ക്കളെ വന്ധ്യം കരിച്ചതായി മൃഗസംരക്ഷണ വകുപ്പ് അധികൃതർ. നാലുവർഷത്തിനിടെ 32,027 നായ്ക്കളെയും പിടികൂടി വന്ധ്യം കരിച്ചു.

പ്രജനന നിയന്ത്രണംവഴി ഘട്ടംഘട്ടമായി തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) യൂണിറ്റ് ജില്ലയിൽ പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇതിൽ കൊടുവായൂർ യൂണിറ്റിലാണ് കൂടുതൽ വന്ധ്യകരണം നടന്നത്. 1230 നായ്ക്കളെ. ഏറ്റവും കുറവ് ആലത്തൂർ യൂണിറ്റിലാണ്, 780 എണ്ണം. കേരളത്തിൽ പദ്ധതിയിൽ മുന്നിൽ നിൽക്കുന്നതും പാലക്കാട് ജില്ലയാണ്.

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയുടെ തുക ഉപയോഗിച്ചാണ് മൃഗസംരക്ഷണ വകുപ്പ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം നായ്ക്കളെ പിടിച്ച് വന്ധ്യകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തി പിടിച്ച സ്ഥലത്തുതന്നെ കൊണ്ടുവിടുകയും ചെയ്യും.

 യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണം
നിലവിൽ അഞ്ച് യൂണിറ്റുകളാണ് ജില്ലയിലുള്ളത്. ഇനി ഓരോ ബ്ലോക്കുകൾതോറും യൂണിറ്റുകൾ വർദ്ധിപ്പിക്കണം. യൂണിറ്റുകൾ എണ്ണം കൂടുന്നതിനനുസരിച്ച് വന്ധ്യകരണത്തിന്റെ എണ്ണവും കൂടും.

ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്.


 വിവിധ യൂണിറ്റുകളിൽ വന്ധ്യകരിച്ച് കണക്കുകൾ

(വർഷം - പാലക്കാട് - ആലത്തൂർ - ഒറ്റപ്പാലം - കൊടുവായൂർ - ചിറ്റൂർ)

 2016- 882- 1044- 1285- 253- 1343
 2017- 2087- 1951- 2280- 2157- 2402
 2018- 2090- 2317- 2344- 2353- 2386
 2019- 883- 780- 980- 1230- 980

ആകെ- 5942- 6092- 6889- 5993- 7111