പാലക്കാട്: ഭരണഘടനയുടെ മൂല്യങ്ങളും കർത്തവ്യങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവരിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ഭരണഘടനയുടെ ആമുഖം എഴുതിയ ഫലകം ഗവ. വിക്ടോറിയ കോളേജിൽ സ്ഥാപിച്ചു. ലീഗൽ സർവീസസ് അതോറിറ്റിയും, വിക്ടോറിയ കോളേജും സംയുക്തമായാണ് ഫലകം സ്ഥാപിച്ചത്. ഹൈക്കോടതി സീനിയർ ജഡ്ജി എ.ഹരിപ്രസാദ് ഫലകം അനാച്ഛാദനം ചെയ്തു.
രാജ്യത്തിന്റെ ആത്മാവാണ് ഭരണഘടനയെന്നും അതിന്റെ അന്തസത്ത ഉൾക്കൊള്ളുന്നത് ആമുഖത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന എന്നത് ഒരു നിയമല്ല. എന്നാൽ നിയമ വ്യവസ്ഥിതിക്ക് ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്ക് നോക്കിയാലെ നമ്മുടെ ഭരണഘടനയുടെ മഹത്വം തിരിച്ചറിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശില്പശാലയും നടത്തി. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറി എം.തുഷാർ, പ്രിൻസിപ്പൽ ഇൻ ചാർജ് ഒ.കെ.രമേശ്, ബാർ അസോസിയേഷൻ പ്രസിഡന്റ് ടി.ഗിരി, കെമിസ്ട്രി വിഭാഗം റിട്ട. പ്രൊഫ. രാമസ്വാമി, മലയാള വിഭാഗം മുൻ മേധാവി മുരളി, അസിസ്റ്റന്റ് പ്രൊഫ. വി.എസ്.സന്ധ്യ എന്നിവർ സംസാരിച്ചു.