പാലക്കാട്: പുതുപ്പരിയാരത്ത് കെ.എസ്.ആർ.ടി.സിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു. വാൻ ഡ്രൈവറും കോയമ്പത്തൂർ സ്വദേശി രത്‌നാപുരി അണ്ണാസ്ട്രീറ്റിലെ രാജൻ (46) ആണ് മരിച്ചത്. രാജനൊപ്പം വാനിലുണ്ടായിരിരുന്ന കോയമ്പത്തൂർ ഗാന്ധിപുരം ന്യൂ സീതാപുത്തൂർ സ്വദേശി മനോഹരനെ (56)നെ ഗുരുതര പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിനിടെ പിക്കപ്പ് വാനിന്റെ പുറകിലിടിച്ച് രണ്ട് ഇരുചക്ര വാഹനക്കാർക്കും, ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാർക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 8.45ന് പുതുപ്പരിയാരം എരിവിത്തോടിനടുത്തുള്ള വളവിലാണ് അപകടം. മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് യാത്രക്കാരുമായി വരുകയായിരുന്ന കെ.എസ്.ആർ.ടി കോയമ്പത്തൂരിൽ നിന്ന് എടപ്പാൾ ഭാഗത്തേക്ക് പഴയടയർ കയറ്റിവരികയായിരുന്ന വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻവശം പൂർണമായും തകർന്നു. മനോഹരനെ നാട്ടുകാർ ചേർന്ന് പുറത്തെടുത്തെങ്കിലും, രാജനെ പുറത്തെടുക്കാനായില്ല. അഗ്നിശമനസേന സ്ഥലത്തെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. അമിതവേഗതയിൽ ബസ് ഓവർടേക്ക് ചെയ്ത് പോകാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നും ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായും ഹേമാംബിക പൊലീസ് പറഞ്ഞു.