പാലക്കാട്: ഭൂരഹിതർക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി സൗജന്യമായി നല്കി ദമ്പതികൾ മാതൃകയായി. കിഴക്കഞ്ചേരി അമ്പിട്ടൻ തരിശ് വള്ളോടമത്തുമാലി വി.പി.പീറ്റർ ഭാര്യ ജെസി പീറ്റർ എന്നിവരാണ് പത്തുസെന്റ് ഭൂമി സൗജന്യമായി നല്കിയത്.

പീറ്ററിന്റെ പിതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടിനേതാവുമായ വി.പി.പൗലോസിന്റെ സ്മരണക്കായാണ് ഭൂമി നല്കിയത്.

സൗജന്യമായി നല്കിയ പത്ത് സെന്റ് ഭൂമി അഞ്ച് സെന്റ് വീതം രണ്ടുപേർക്ക് വീതിച്ച് നല്കി. അമ്പിട്ടൻ തരിശിലെ തന്നെ ദിവ്യാമോൾ അഗസ്റ്റിൻ, സാംകുട്ടി എന്നിവർക്കാണ് ഭൂമി നല്കിയത്. ഭൂരഹിതരായ ഇരുവർക്കും ഭൂമി ലഭിച്ചതോടെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നല്കുമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.

ഭൂരഹിതരായവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയും വീടും നല്കുന്ന പദ്ധതി സർക്കാർ നടപ്പിലാക്കുന്നുണ്ടെങ്കിലും സ്വകാര്യ വ്യക്തികൾ ഇത്തരത്തിൽ ഭൂമിദാനം ചെയ്തത് മാതൃകയാണ്. റോഡരികിലുള്ള ഈ ഭൂമിക്ക് ലക്ഷങ്ങൾ വിലമതിക്കും. പീറ്ററും ഭാര്യ ജെസിയും നല്കിയ ഭൂമിയുടെ രേഖകൾ കെ.ഡി.പ്രസേനൻ എം.എൽ.എ ദിവ്യമോൾക്കും, സാംകുട്ടിക്കും കൈമാറി. കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിതമാധവൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി എം കലാധരൻ, പി എൻ രവീന്ദ്രൻ, വി രാധാകൃഷ്ണൻ, വി കെ സണ്ണി എന്നിവർ സംസാരിച്ചു. പി കെ രാജൻ സ്വാഗതവും സാറാഉമ്മ നന്ദിയും പറഞ്ഞു.

 പീറ്റർ - ജെസി ദമ്പതികൾ സൗജന്യമായി നല്കിയ ഭൂമിയുടെ രേഖ കെ.ഡി.പ്രസേനൻ എം.എൽ.എ കൈമാറുന്നു