പാലക്കാട്: കളിക്കളത്തിൽ അകാലത്തിൽ പൊലിഞ്ഞ മുൻ സന്തോഷ് ട്രോഫി താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ 'സ്‌നേഹ ഗോൾ ധനരാജിനായി' എന്ന പേരിൽ ചാരിറ്റി സെലിബ്രിറ്റി ഫുട്‌ബാൾ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 19ന് നൂറണി സിന്തറ്റിക് ടർഫ് ഗ്രൗണ്ടിലാണ് മത്സരം.
വൈകീട്ട് ആറിന് നടക്കുന്ന മത്സരത്തിൽ മോഹൻബഗാൻ, ഈസ്റ്റ് ബംഗാൾ, വിവ കേരള, മുഹമ്മദൻസ് സ്‌പോർട്ടിംഗ് എന്നീ ക്ലബുകളിലെ താരങ്ങൾ കളത്തിലിറങ്ങും. മുഴുവൻ താരങ്ങളെയും അണിനിരത്താനായാൽ രണ്ട് മത്സരം സംഘടിപ്പിക്കും. ഈസ്റ്റ് ബംഗാൾ - മോഹൻ ബഗാനെയും മുഹമ്മദൻസ് സ്‌പോർട്ടിംഗ് - വിവ കേരളയെയും നേരിടും. മത്സരത്തിലൂടെ ലഭിക്കുന്ന വരുമാനം മുഴുവനായും ധനരാജിന്റെ കുടുംബത്തിന് നൽകും. ടിക്കറ്റിന് 250, 500 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഇതിനുപുറമെ അന്ന് മൈതാനത്ത് 100 രൂപയുടെ കൂപ്പണുകളും നൽകും. 4000 - 5000 പേർക്ക് ഇരിക്കാവുന്ന ഗാലറിയും സജ്ജമാക്കും. മത്സരത്തിന് മുന്നോടിയായി ധനരാജ് അനുസ്മരണവും നടക്കും.
ഇന്ത്യയിലെ ഫുട്‌ബാൾ ഇതിഹാസങ്ങളായ ബൈചിംഗ് ബൂട്ടിയ, ഐ.എം.വിജയൻ, ജോപോൾ അഞ്ചേരി, സുശാന്ത് മാത്യു, എൻ.പി.പ്രദീപ്, വി.സുരേഷ്, ആസിഫ് സഹീർ, അബ്ദുൾ ഹക്കീം, അബ്ദുൾ നൗഷാദ്, കെ.ടി.ചാക്കോ, യു.ഷറഫലി, സി.വി.പാപ്പച്ചൻ, കുരികേശ് മാത്യു തുടങ്ങിയവർ ബൂട്ടണിയും. നാല് ഫുട്‌ബാൾ ക്ലബുകൾക്ക് വേണ്ടി ധനരാജ് അണിഞ്ഞ ജേഴ്‌സിയായിരിക്കും എല്ലാവരും അണിയുക.
2019 ഡിസംബർ 29 നാണ് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബാൾ മത്സരത്തിനിടെ ധനരാജ് കുഴഞ്ഞുവീണ് മരിച്ചത്. ഭാര്യയ്ക്ക് സർക്കാർ വകുപ്പുകളിലോ പൊതുമേഖലാ സ്ഥാപനത്തിലോ ജോലി നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ സെക്രട്ടറി പി. സുധാകരൻ, ശിവകുമാർ എന്നിവരും പങ്കെടുത്തു.