പാലക്കാട്: ചെന്നൈ സ്വദേശിയെ കബളിപ്പിച്ച് കാറും മൊബൈലും ലാപ്‌ടോപ്പും തട്ടിയെടുത്ത സംഭവത്തിൽ മലേഷ്യൻ സ്വദേശിയടക്കം രണ്ടുപേർ റിമാൻഡിൽ. മലേഷ്യൻ പൗരനും, നിലവിൽ കാഞ്ചിപുരത്ത് താമസിക്കുന്ന ജോഷ്വാ വസന്തമാരൻ (33), സുഹൃത്ത് കരുണൈരാജ് (57) എന്നിവരെയാണ് പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഡിസംബർ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈ സ്വദ്ദേശിയായ വ്യാപാരി പത്രത്തിൽ നൽകിയ പരസ്യംകണ്ട് പ്രതികൾ പണം നിക്ഷേപിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് വ്യാപാരിയെ ബന്ധപ്പെടുകയായിരുന്നു. പിന്നീട് മീറ്റിംഗിനായി പാലക്കാട് ഹോട്ടലിൽ റൂമെടുക്കുകയും ശേഷം വ്യാപാരിയെ മാങ്കുറുശ്ശിയിലുള്ള ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ശേഷം വ്യാപാരിയെ അവിടെയിരുത്തി ഡ്രൈവറുമായി പാലക്കാടെത്തുകയും പിന്നീട് ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് പ്രതികൾ കാറുമായി മുങ്ങുകയായിരുന്നു.

അന്വേഷണം നടത്തിയ സൗത്ത് പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ വാളയാർ അതിർത്തിയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ അബ്ദുൾ മുനീറിന്റെ നിർദ്ദേശപ്രകാരം, എസ്.ഐ ആർ.രഞ്ജിത്ത്, എ.എസ്.ഐ ടി.എ.ഷാഹുൽ ഹമീദ്, സി.പി.ഒമാരായ മുഹമ്മദ് ഷനോസ്, സജീഷ്, ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.