crime
വെട്ടേറ്റ് ആശുപത്രിയിൽ കഴിയുന്ന സുശീല

കൊല്ലങ്കോട്: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറിയ യുവാവ് കടയുടമയായ സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ചു. മലയാമ്പള്ളം കണ്ടനാറക്കളം ജയകൃഷ്ണന്റെ ഭാര്യ സുശീലയ്ക്കാണ് (47) കൈക്ക് വെട്ടേറ്റത്. ഇവരെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രതി ആകർഷ് സംഭവത്തിന് ശേഷം ഒളിവിലാണെന്നാണ് സൂചന.

കൊല്ലങ്കോട് പൊലീസ് ക്വാർട്ടേഴ്സിന് സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. സുശീലയും സഹോദരൻ ചന്ദ്രനും ചേർന്ന് നടത്തുന്ന പലചരക്ക് കടയിലേക്ക് വൈകിട്ട് ആളില്ലാത്ത സമയംനോക്കി ഇവരുടെ ബന്ധുകൂടിയായ ആകർഷ് അതിക്രമിച്ച് കയറിവന്ന് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുശീലയുടെ കൈക്ക് വെട്ടേറ്റത്. കുടുംബ വഴക്കിനെ തുടർന്നുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സുശീലയുടെ മൊഴിയെടുത്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.