onion-price

പാലക്കാട്: കഴിഞ്ഞ രണ്ടുമാസമായി കുതിച്ചിരുന്ന ഉള്ളി വില കിലോയ്ക്ക് 50 രൂപയായി കുറഞ്ഞു. ഇതോടെ താൽക്കാലികമായി അടുക്കളകളിൽ നിന്ന് പുറത്തുപോയ ഉള്ളി വീണ്ടും സജീവമായി. ഈ മാസം ആദ്യവാരം മൊത്തവ്യാപാരത്തിൽ കിലോയ്ക്ക് 70 രൂപയുണ്ടായിരുന്നതാണ് ഇപ്പോൾ 20 രൂപ കുറഞ്ഞ് 50ൽ എത്തിയത്. ചില്ലറ വിപണിയിൽ 60​-65 ആണ് വില. വിലക്കുറവ് തുടർന്നാൽ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ. പൂനെയിൽ നിന്നും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉള്ളി ലോറികൾ അധികമായി എത്തിത്തുടങ്ങി. വരുംദിവസങ്ങളിലും കൂടുതൽ ലോഡ് എത്തിയാൽ മാസാവസാനം വില 35ലെത്തും.

ഉത്തരേന്ത്യയിൽ ഉല്പാദനം കുറഞ്ഞതാണ് റെക്കാർഡ് വിലക്കയറ്റ കാരണം. നവംബർ- ഡിസംബർ മാസങ്ങളിൽ കിലോയ്ക്ക് 180 രൂപ വരെ എത്തി. 200 തൊടുമോ എന്നായിരുന്നു ആശങ്ക. ഹോട്ടൽ കച്ചവടത്തെയും ഉള്ളി വില ബാധിച്ചു. നോൺവെജിൽ ഉള്ളിയുടെ അളവ് കുറഞ്ഞു. ഇറച്ചിയേക്കാൾ ഉള്ളി വില ഉയർന്നത് കോഴിക്കച്ചവടത്തെയും ബാധിച്ചു.

ചെറിയുള്ളിക്ക് ഇപ്പോഴും വില നൂറിന് മുകളിലാണ്. മൊത്തക്കച്ചവടത്തിൽ 117 രൂപയ്ക്കാണ് ഇന്നലെ പാലക്കാട് വലിയങ്ങടിയിൽ വില്പന നടന്നത്. ചില്ലറ വില്പനയിൽ 130 രൂപ വരും.