basil-death-pkd

വടക്കഞ്ചേരി: മദ്യപിച്ച് അമ്മയുമായി വഴക്കുണ്ടാക്കുകയും വീട് കത്തിക്കാൻ ശ്രമിക്കുകയും ചെയ്ത നെല്ലിയാംപാടം മണ്ണാപറമ്പ് വീട്ടിൽ ബേസിലിനെ (36) പിതാവ് കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പിതാവ് മത്തായിയെ (62) പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 10ന് മദ്യപിച്ചെത്തിയ ബേസിൽ അസുഖ ബാധിതയായ അമ്മ സാറാമ്മയുമായി വഴക്കുണ്ടാക്കി.​ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്ന് വീടിന് തീ കൊളുത്താനും ശ്രമിച്ചു. തടയാൻ ശ്രമിച്ച സാറാമ്മയെ തള്ളിയിട്ടു. ഇതുകണ്ട മത്തായി,​ സാറാമ്മയെ മുറിയിലാക്കി വാതിലടച്ചു. ഇതിനിടെ കമ്പിവടി കൊണ്ടാക്രമിക്കാൻ ശ്രമിച്ച ബേസിലിനെ മത്തായി കീഴ്‌പ്പെടുത്തി. വടി പിടിച്ചുവാങ്ങിയ മത്തായി,​ ബേസിലിന്റെ തലയ്ക്കടിച്ചു. നിലത്തുവീണ ബേസിലിന്റെ തലയിൽ നിരവധി തവണ അടിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

രാത്രി ഒന്നരയോടെ സമീപവാസി രമേഷിനെ മത്തായി വിവരമറിയിച്ചു. സ്ഥലത്തെത്തിയ രമേഷ് സ്വീകരണ മുറിയിൽ ബേസിൽ മരിച്ചുകിടക്കുന്നത് കണ്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് മത്തായിയെ കസ്റ്റഡിയിലെടുത്തു. സാറാമ്മയെ ബന്ധുവീട്ടിലേക്ക് മാറ്റി.

ഡിവൈ.എസ്.പി കെ.എം.ദേവസ്യ, എസ്.ഐ എ.അനീഷ്, സയന്റിഫിക് ഓഫീസർ പി.പി.തൗഫീന, ഫിംഗർപ്രിന്റ് എക്സ്‌പർട്ട് നിഹാർബാബു, എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഇന്ന്‌ സ്വദേശമായ കോതമംഗലത്ത് സംസ്കരിക്കും.

ഇസ്രയേലിൽ നഴ്‌സ് ആയിരുന്ന ബേസിൽ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിത്. ഇയാൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂർ പട്ടിക്കാട് കട നടത്തിവരികയായിരുന്ന മത്തായിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ബേസിൽ അവിവാഹിതനാണ്. സഹോദരി സോണിയ ഭർത്താവിനൊപ്പം ഗൾഫിലാണ്.