 15 ദിവസത്തിനുള്ളിലെ ഉയർന്ന ചൂട് 37 ഡിഗ്രി

 കഴിഞ്ഞവർഷവും ജനുവരിയിൽ ചൂട് 37 ഡിഗ്രിയിലെത്തിയിരുന്നു

പാലക്കാട്: ജില്ലയിൽചൂട് തലപൊക്കി തുടങ്ങുന്നു. കഴിഞ്ഞ 15 ദിവസത്തിനുള്ളിലെ ഉയർന്നചൂട് ഈ മാസം മൂന്നിനാണ് രേഖപ്പെടുത്തിയത്, 37 ഡിഗ്രി.

ഈ മാസം രണ്ടിന് 36.5 ഡിഗ്രിയും മൂണ്ടൂർ ഐ.ആർ.ടി.സിയിൽ രേഖപ്പെടുത്തിയിരുന്നു. 2019 ജനുവരിയിലെ ഉയർന്ന ചൂടും 37 ഡിഗ്രിയായിരുന്നു. ചൂട് കൂടുന്നതിനാൽ സൂര്യാഘാതം, വേനൽക്കാല രോഗങ്ങൾ എന്നിവ പിടിപെടാതിരിക്കാൻ ജനങ്ങൾ ജഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ മാസം മൂന്നിന് ശേഷമുള്ള ദിവസങ്ങളിൽ 35, 36, 36.5 ഡിഗ്രികളാണ് രേഖപ്പെടിത്തിയത്. ഇത്തരത്തിൽ കാലാവസ്ഥ വ്യതിയാനംമൂലം ഫെബ്രുവരി ആകുമ്പോഴേക്കും 38 ഡിഗ്രിവരെ എത്താൻ സാധ്യതയുണ്ടെന്ന് ജെ.ഐ.എസ് അധികൃതർ പറ‌യുന്നു. ഇതോടെ വരും മാസങ്ങളിൽ കുടിവെള്ളത്തിന് നെട്ടോട്ടമോടേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ.

 സൂര്യാഘാതം / താപ ശരീരശോഷണം വരാതിരിക്കാൻ ചെയ്യേണ്ടവ

 ചൂടിന് കാഠിന്യം കൂടുമ്പോൾ ധാരാളം വെള്ളം കുടിയ്ക്കുക, ദാഹം ഇല്ലെങ്കിലും ഒാരോ മണിക്കൂർ കൂടുമ്പോഴും 2- 4 ഗ്ലാസ് വെള്ളം കുടിയ്ക്കുക

 ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാവെള്ളം എന്നിവ കുടിയ്ക്കുക

 വെയിലത്ത് പണിചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ജോലിസമയം ക്രമീകരിക്കുക

 കട്ടികുറഞ്ഞ വെളുത്തതോ, ഇളം നിറത്തിലോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

 വെയിലത്ത് ജോലിചെയ്യുമ്പോൾ ഇടവേളയെടുക്കുക

 ചൂട് കൂടുന്ന സമയങ്ങളിൽ കുട്ടികൾ, പ്രായമായവർ, അസുഖബാധിതർ എന്നിവർ പുറത്തിറങ്ങാതിരിക്കുക

 വെയിലത്ത് പാർക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക

 സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതേതുടർന്ന് ശരീരത്തിലെ പല പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യാഘാതം.