ചെർപ്പുളശ്ശേരി: അസൗകര്യങ്ങളുടെ നടവിൽ വീർപ്പുമുട്ടുന്ന ചെർപ്പുളശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് പുതിയകെട്ടിടം പണിയാൻ ഒരുകോടി അനുവദിച്ചതായി വി.കെ.ശ്രീകണ്ഠൻ എം.പി അറിയിച്ചു. ആദ്യഘഡു 50ലക്ഷം അടുത്തയാഴ്ച കൈമാറും. പരിമിതികളിൽ വീർപ്പുമുട്ടുന്ന ആശുപത്രിക്ക് എം.പിയുടെ പ്രഖ്യാപനം പ്രതീക്ഷ പകരുന്നതാണ്.
ചെർപ്പുളശ്ശേരി നഗരസഭയിലെയും സമീപപ്രദേശങ്ങളായ നെല്ലായ, കുലുക്കല്ലൂർ, ചളവറ, വെള്ളിനേഴി, തൃക്കടീരി പഞ്ചായത്തിലെയും സാധാരണക്കാരായ ആളുകൾ ആശ്രയിക്കുന്നത് ഈ സർക്കാർ ആശുപത്രിയെയാണ്. പ്രതിദിനം ഒ.പിയിൽ 600 - 700 രോഗികൾവരെ എത്താറുണ്ട്.
നിലവിൽ ദന്തരോഗ വിഭാഗം ഉൾപ്പടെ ആറ് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്. പക്ഷേ, സ്ഥലപരിമിതിയാണ് ഡോക്ടർമാരെയും രോഗികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്. കിടത്തിചികിത്സയും ആശുപത്രിയിലുണ്ടെങ്കിലും എല്ലാം പരിമിതമായ സൗകര്യങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. ലാബിന്റെയും ഫാർമസിയുടെയും സ്ഥിതി ഇതുതന്നെയാണ്.
പുതിയ കെട്ടിടം വന്നാൽ ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ആശുപത്രിയിൽ ഡയാലിസിസ് സെന്റർ അനുവദിക്കുന്ന കാര്യവും പരിഗണിക്കുമെന്ന് എം.പി അറിയിച്ചിട്ടുണ്ട്.
ഫോട്ടോ: ഒ.പിയിൽ രോഗികളുടെ തിരക്ക്