ഷൊർണൂർ: രാത്രികാലങ്ങളിൽ നഗരത്തിലൂടെ യാത്രചെയ്യുന്നവർ ശ്രദ്ധിക്കണം, എപ്പോഴാണ് എവിടെ നിന്നാണ് വന്യജീവികൾ ആക്രമിക്കാനെത്തുകയെന്ന് പറയാൻപറ്റില്ല, നഗരത്തിൽ പൊലീസ് സ്റ്റേഷനു സമീപംപോലും മുള്ളൻപന്നികളും കാട്ടുപന്നികളും കൂട്ടമായെത്തുന്നത് പതിവായിരിക്കുകയാണ്. വന്യജീവികളുടെ ആക്രമണത്തിൽ നിരവധിയാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

സന്ധ്യകഴിഞ്ഞാൽ നഗരത്തിൽ ജനസഞ്ചാരം നന്നേകുറയും. രാത്രി 9.30ഓടെ ഏകദേശം പൂർണമായും വിജനമാകും. നഗരത്തിലെ പച്ചക്കറി കടകളിലെ മാലിന്യം തിന്നാനാണ് മുള്ളൻപന്നികളും, കാട്ടുപന്നികളുമെത്തുന്നത്. പുലർച്ചെ നടക്കാനിറങ്ങുന്നവരും, പത്രം, പാൽ വിതരണക്കാരുമാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയാവുന്നത്. പരിസരത്തെ ചെറിയകാടുകൾ അഗ്നിക്കിരയാകുമ്പോഴും തീറ്റകിട്ടാതെ വരുമ്പോഴുമാണ് മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത്. ഷൊർണൂരിലൂടെയുള്ള രാത്രികാല ട്രെയിൻ, കെ.എസ്.ആർ.ടി.സി സർവീസുകൾ കുറഞ്ഞതോടെ ആൾ സഞ്ചാരം കുറഞ്ഞത് വലിയ തിരിച്ചടിയായിട്ടുണ്ട്. കൂടാതെെ റെയിൽവേയിലെ നൈറ്റ് ഡ്യൂട്ടി സംവിധാനവും പേരിന് മാത്രമായി.

അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നതാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.