പാലക്കാട്: ഡാമുകളുടെ റിസർവോയറുകളിൽ നിന്നും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിന് ജലസേചന വകുപ്പ് നടപ്പിലാക്കുന്ന 'ഡാം ഡീസിൽറ്റേഷൻ പ്രൊജക്ട്' മംഗലം, ചുള്ളിയാർ ഡാമുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇതിൽ മംഗലം ഡാമിന്റെ ടെൻഡർ പ്രസിദ്ധീകരിക്കുകയും 2.95 മില്യൻ ക്യൂബിക് മീറ്റർ മണ്ണും ചെളിയും നീക്കം ചെയ്യാൻ തീരുമാനിച്ചതായും ശിരുവാണി പ്രോജക്ട് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനീയർ അറിയിച്ചു. മൂന്നുവർഷത്തിൽ പദ്ധതി പൂർത്തിയാക്കും.

ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത, സെക്രട്ടറി ഡോ ബി.അശോക്, വിവിധ സെക്ഷനുകളിലെ ചീഫ് എൻജിനീയർമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് പദ്ധതി തയ്യാറാക്കിയത്. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടർ ചെയർമാനായി മോണിറ്ററിംഗ് കമ്മിറ്റിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ ട്രാൻസ്‌പോർട്ടേഷൻ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

റിസർവോയറിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാത്ത രീതിയിലും പരിസ്ഥിതിക്ക് ദോഷമാകാത്ത രീതിയിലുമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നിലവിലുള്ള ഗതാഗതത്തെ ബാധിക്കുകയോ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയോ ഇല്ല. നിലവിലുള്ള മത്സ്യ കർഷകരുടെ പുനരധിവാസം ഉറപ്പാക്കും. ടേൺ കീ അടിസ്ഥാനത്തിലാണ് ടെൻഡർ ചെയ്തിട്ടുള്ളത്. കൂടുതൽ തുക രേഖപ്പെടുത്തുന്ന ഏജൻസിക്ക് കരാർ നൽകും.

പദ്ധതിയുടെ പ്രയോജനം

 റിസർവോയറിന്റെ സംഭരണശേഷി പുനസ്ഥാപിച്ച് കുടിവെള്ളത്തിനും കൃഷിക്കും കൂടുതൽ വെള്ളം ലഭ്യമാക്കുക

 വരൾച്ചയിൽ നിന്നും വെള്ളപ്പൊക്കത്തിൽ നിന്നും ആശ്വാസം കണ്ടെത്തുക

 മണൽ, ചെളി തുടങ്ങിയ നിർമ്മാണ വസ്തുക്കളുടെ ദൗർലഭ്യം പരിഹരിക്കുക

 സർക്കാരിന് വരുമാനം ലഭ്യമാക്കുക